കണ്ണൂര്‍: യാത്രക്കാരുടെ എണ്ണത്തിലും വിമാനസര്‍വീസുകളുടെ കാര്യത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി കണ്ണൂര്‍ വിമാനത്താവളം മുന്നോട്ട്. ആഭ്യന്തര സെക്ടറിലാണ് കണ്ണൂര്‍ വിമാനത്താവളം അതിവേഗം വളരുന്നത്. മേയ് മാസത്തില്‍ 86,248 ആഭ്യന്തര യാത്രികരാണ് കണ്ണൂര്‍ വഴി കടന്നുപോയത്. ആഭ്യന്തര സര്‍വീസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 953 ആഭ്യന്തര വിമാന സര്‍വീസുകളാണ് മേയില്‍ കണ്ണൂരില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തത്.ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചിലും യാത്രക്കാരുടെ എണ്ണത്തില്‍ ഏപിലിലുമായി കണ്ണൂര്‍ കോഴിക്കോടിനെ മറികടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മേയ് മാസത്തെ വളര്‍ച്ചയും. മാര്‍ച്ചില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 515 സര്‍വീസുകള്‍ നടന്നപ്പോള്‍ കണ്ണൂരില്‍ നിന്ന് 568 സര്‍വീസുകളുണ്ടായി. ഏപ്രിലില്‍ കോഴിക്കോട് നിന്ന് 599 ആഭ്യന്തര സര്‍വീസുകളുണ്ടായപ്പോള്‍ കണ്ണൂര്‍ വന്‍ വളര്‍ച്ചയോടെ സര്‍വീസുകളുടെ എണ്ണം 854 ആയി ഉയര്‍ത്തി. ഏപ്രിലില്‍ കോഴിക്കോട് നിന്ന് 46,704 പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറന്നപ്പോള്‍ കണ്ണൂര്‍ വഴി അത് 81, 036 ആയിരുന്നു. ഒരു മാസത്തിനിടെ സര്‍വീസുകളുടെ എണ്ണത്തില്‍ 9.6 ശതമാനം വര്‍ധനയും മൊത്തം യാത്രികരുടെ എണ്ണത്തില്‍ 4.5 ശതമാനം വളര്‍ച്ചയും കണ്ണൂര്‍ നേടിയെടുത്തു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രികര്‍ ഉള്‍പ്പടെ 1,47,733 പേരാണ് മേയ് മാസത്തില്‍ കണ്ണൂര്‍ വിമാനത്താവളം ഉപയോഗിച്ചത്. ഗോ എയര്‍ മേയ് 31 മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ കണ്ണൂരില്‍ നിന്നും തുടങ്ങിയത് വിമാനത്താവളത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഇതോടെ, ജൂണ്‍ മാസത്തിലും സര്‍വീസുകളുടെ എണ്ണത്തില്‍ കണ്ണൂര്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഉറപ്പായി.