കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൊന്ന കേസില്‍ ഗ്രാമത്തലവൻ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5 വർഷം കഠിന തടവിനും കോടതി ഉത്തരവിട്ടു.
പത്താന്‍കോട്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഗ്രാമത്തലവന് സാഞ്ജി റാം, പൊലീസ് ഓഫീസർ ദീപക് കജൂരിയ, പര്‍വേഷ് കുമാര്‍ എന്നിവരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. അനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, തിലക് രാജ് എന്നിവർ അഞ്ച് വർഷം കഠിന തടവ് അനുഭവിക്കണം. സാഞ്ജി റാമിന്റെ മകനായ പ്രായപൂര്‍ത്തിയാകാത്ത വിശാലിനെ സംബന്ധിച്ച വിവരം ഇനിയും പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല.
പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും കൊലപാതകം നടത്തിയതിനുമാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികളില്‍ മൂന്ന് പേര് പൊലീസുകാരാണ്.
കൃത്യം നടന്നശേഷം പ്രതികളെ സംരക്ഷിക്കുന്നതിനായി ജനപ്രതിനിധികളടക്കം രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. പ്രതികളെ രക്ഷിക്കാന്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി നേതാക്കളായ ലാല്‍ സിങ്ങിന്റെയും ചന്ദര്‍പ്രകാശ് ഗംഗയുടെയും നേതൃത്വത്തില്‍ ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തില്‍ ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ട് പ്രതികള്‍ക്കനുകൂലമായും ആളുകള്‍ രംഗത്തിറങ്ങി
അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു . കൊല്ലപ്പെടുന്നതിനു മുന്‍പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കി