കുവൈറ്റിൽ ചൂട് കൂടുന്നു, ജാഗ്രത നിർദേശം

കുവൈത്ത് സിറ്റി: ജൂൺ ആദ്യവാരം പിന്നിടുമ്പോഴേക്കും കുവൈത്ത് കടുത്ത ചൂടിലേക്ക്. വെള്ളിയാഴ്ച 49.1 ഡിഗ്രി സെൽഷ്യസാണ് കുവൈത്തിലെ മിതിരി ബെയിൽ രേഖപ്പെടുത്തിയത്. ഇതോടെ ആളുകൾക്ക് റുതുബയും(നിർജലീകരണം ) അനുഭവപ്പെട്ടു. സൂര്യതാപം നേരിട്ട് ഏൽക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കടുത്ത ചൂടിനെ പ്രതിരോധിക്കുവാൻ ധാരാളമായി വെള്ളവും ദ്രാവകരൂപത്തിലുള്ള പാനീയങ്ങൾ കുടിക്കുവാനും നിർദേശിച്ചിട്ടുണ്ട്. കനം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാനും കടുത്ത വ്യായാമങ്ങൾ ഒഴിവാക്കുവാനും നിർദേശമുണ്ട്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പുറം ജോലികൾ ചെയ്യുന്നതിന് വിലക്കുണ്ട്. വരും ദിവസങ്ങളിലായി ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.