285 കുവൈറ്റ്‌ ദിനാറും രേഖകളുമടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരികെ നൽകി കൊട്ടാരക്കര സ്വദേശിയുടെ മാതൃക

കുവൈറ്റ് സിറ്റി :വാഹനത്തിൽ മറന്നുപോയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി ടാക്സി ഡ്രൈവർ ആയ പ്രവാസി മലയാളി മാതൃകയായി. കൊട്ടാരക്കര വെളിയം സ്വദേശി വിജയനാണ് 285 ദിനാറും വിലപ്പെട്ട രേഖകളുമടങ്ങുന്ന ബാഗ് ഉടമസ്ഥന് തിരികെ നൽകിയത്. ഈജിപ്ഷ്യൻ സ്വദേശിയായ ശരീഫ് മുഹമ്മദ് എന്ന യാത്രക്കാരനാണ് പ്രവാസിമലയാളിയുടെ നന്മയിൽ രേഖകളും പണവും തിരികെ ലഭിച്ചത്. സാൽമിയ ഗാർഡന് സമീപത്തുനിന്നും നിന്നും വാഹനത്തിൽ കയറിയ ശരീഫ് അസ്‌നാൻ ടവറിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു എന്നാൽ വാഹനത്തിൽ നിന്നും ബാഗും രേഖകളും എടുക്കുവാൻ ഇയാൾ മറക്കുകയായിരുന്നു. യാത്രക്കാരൻ ഇറങ്ങി വാഹനം അൽപം മുന്നോട്ടു പോയപ്പോൾ മാത്രമാണ് ബാഗ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾ തന്നെ തിരികെ പോയെങ്കിലും യാത്രക്കാരനെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. തുടർന്ന് ബാഗ് ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ “യാത്ര കുവൈത്തിനെ” ഏൽപ്പിക്കുകയായിരുന്നു അവർ സിവിൽ ഐഡി ഉപയോഗിച്ച് മണി എക്സ്ചേഞ്ചുകളിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഉടമസ്ഥനെ കണ്ടെത്തുകയും അർധ രാത്രിയോടെ എത്തിച്ചേർന്ന ശരീഫിന് ജയനും യാത്രാ കുവൈത്ത് ഭാരവാഹികളും ചേർന്ന് ബാഗ് തിരികെ ഏൽപ്പിക്കുകയുമായിരുന്നു.