സുഷമസ്വരാജിന്റെ വഴിയിലൂടെ തന്നെയായിരിക്കും താനും മുന്നോട്ട് പോവുകയെന്ന് നിയുക്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

5

ഡൽഹി: ലോകമെമ്പാടുമുള്ള പ്രവാസികളുടെ പരാതികള്‍ ട്വിറ്ററിലൂടെ കേള്‍ക്കുകയും അവയ്ക്ക് ഉടന്‍ പരിഹാരം കാണുകയും ചെയ്തിരുന്ന മുന്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ വഴിയിലൂടെ തന്നെയായിരിക്കും താനും മുന്നോട്ട് പോവുകയെന്ന് നിയുക്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ജനങ്ങളുടെ സേവനത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ഇന്ന് രാവിലെ എസ് ജയശങ്കർ ട്വീറ്ററിലൂടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയുകയും സുഷമ സ്വരാജിന്റെ പാത അഭിമാനത്തോടെ പിന്തുടരുമെന്നും വ്യക്തമാക്കി.

സ്ഥാനമേറ്റെടുത്ത ആദ്യദിവസം തന്നെ സൗദിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്റെ സഹായ അഭ്യര്‍ത്ഥന അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ട്വിറ്ററില്‍ വീഡിയോ സന്ദേശമയച്ച പ്രവാസിക്ക്, റിയാദിലെ ഇന്ത്യന്‍ അംബാസിഡര്‍ മറുപടി നല്‍കി. ഫോണ്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ട അദ്ദേഹം എംബസിയിലെ വെല്‍ഫെയര്‍ ഓഫീസര്‍ സംസാരിക്കുമെന്നും അറിയിച്ചു. വിഷമിക്കേണ്ടെന്നും ഇന്ത്യന്‍ എംബസി സഹായിക്കുമെന്നും മറുപടി നല്‍കി. അംബാസിഡറുടെ ഉടനടിയുള്ള പ്രതികരണത്തെ വിദേശകാര്യ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.