നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

6

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്.

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തിയത്. ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തിയത്. ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദര്‍ശനമുണ്ടാകും. ഉടന്‍തന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ പറഞ്ഞു.