പ്രവാസി വ്യവസായികൾ നാട്ടിൽ സംരംഭം തുടങ്ങാൻ ഒരുങ്ങുമ്പോൾ സർക്കാർ അവരെ തൃപ്തിപെടുത്തുന്ന രീതിയിലേക്ക് മാറണമെന്ന് നാസർ നന്തി

14

കണ്ണൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യ നമ്മുടെ സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് നാസർ നന്തി.വിദേശത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ട് സ്വപ്നഗേഹമായ മാതൃ നാട്ടിൽ വ്യവസായ വ്യാപാര സംരംഭങ്ങൾ തുടങ്ങാൻ വരുന്ന രാജ്യസ്നേഹികൾക്കെതിരെ നമ്മുടെ പ്രാദേശിക- സംസ്ഥാന ഭരണകൂടങ്ങൾ സ്വീകരിക്കുന്ന പഴഞ്ചൻ ചുവപ്പുനാട സമ്പ്രദായം അടിയന്തിരമായി മാറണമെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ നന്തി ദുബായിൽ ആവശ്യപ്പെട്ടു. ഒരു നിമിഷം വൈകാതെ എല്ലാ രേഖകളും സഹായങ്ങളും ചെയ്തുകൊടുത്തു ഇടപാടുകാരെ തൃപ്തരാക്കുന്ന സ്മാർട്ട് ഭരണ രീതികൾ ലോകത്തെല്ലായിടത്തും നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ , സമ്പൂർണ സാക്ഷരതയുടെ നാടായ കേരളത്തിൽ- അതും വിപ്ലവത്തിന്റെ മന്ത്രങ്ങൾ നന്നായി തിരിച്ചറിയപ്പെടുന്ന കണ്ണൂരിൽ -ഒരു രേഖ ശെരിയാക്കിക്കിട്ടാത്തതിന്റെ പേരിൽ ഒരു വ്യവസായി ഏറെ കാത്തിരുന്ന് കഷ്ടപ്പെട്ട ശേഷം വേദനയോടെ ആത്മഹത്യയിൽ അഭയംപ്രാപിച്ച സംഭവം നമ്മുടെ സർവ വിജയങ്ങൾക്കും അപമാനമാണെന്ന് നാസർ നന്തി ഓർമിപ്പിച്ചു.

നമ്മൾ വെറുതെ വിവാദങ്ങൾ മാത്രം ആഗ്രഹിക്കുകയാണ് . വിവാദങ്ങൾ ഭക്ഷിച്ചു ജീവിക്കുന്ന വർഗമായി മലയാളികൾ അധഃപതിക്കുന്നു . ഗുണമുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഉദ്യോഗസ്ഥർക്ക് എന്തോ ഈഗോ പ്രശ്‌നം ഉള്ളതുപോലെയാണ്. കൃത്യമായി സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടിപ്പോന്ന വരേണ്യ വർഗം കഷ്ടപ്പെടുന്നവന്റെ മാനസികാവസ്ഥ മനസ്സിലാക്കുന്നില്ല . അതുകൊണ്ടാണ് പ്രവൃത്തികളിൽ ധിക്കാരം പതിയിരിക്കുന്നതും മറുനാട്ടിൽ നേട്ടമുണ്ടാക്കിയവനെ പുച്ഛത്തോടെ കാണുന്നതും – നാസർ നന്തി പറയുന്നു . നേട്ടത്തിന്റെ റെക്കോർഡ് ഉണ്ടാക്കിയവർക്ക് വീണ്ടും നേട്ടങ്ങളും വിജയങ്ങളും ഉണ്ടാക്കാൻ അറബ് നാട്ടിലെ ഭരണാധികാരികൾ ചെയ്തുകൊടുക്കുന്ന ആനുകൂല്യങ്ങളും സഹായങ്ങളും നമ്മുടെ എട്ടുകാലി മമ്മൂഞ്ഞ് സർക്കാരുകൾ കണ്ടു പഠിക്കാൻ ശീലിക്കണമെന്നും നാസർ നന്തി പറഞ്ഞു .

നിരവധി ആളുകൾ ഗൾഫിൽ ആത്മഹത്യ ചെയ്തതിന്റെ കാരണങ്ങൾ പഠിക്കുകയും അവരുടെ മൃതദേഹങ്ങൾ പരിപാലിക്കുകയും ചെയ്ത അനുഭവങ്ങൾ നേടുകയും ചെയ്ത തനിക്ക് നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരം ആത്മഹത്യകൾ അത്യധികം വേദന സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണ് തുറക്കാൻ നിവേദനവും ഒപ്പുശേഖരണവും ആവശ്യമുണ്ടെന്നു തോന്നുന്നില്ല , സർക്കാർ കണ്ണുകൾ വലിച്ചങ്ങു തുറന്നാൽ മതി , വ്യക്തമായ കാഴ്ച വന്നുകൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .