നിപ സംശയം : മുൻകരുതൽ സ്വീകരിച്ചെന്ന് തൃശൂർ ഡിഎംഒ

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ യുവാവിന് നിപാ ബാധയുണ്ടെന്ന് സംശയമുള്ളതിനെ  തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കൃത്യമായ മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ഡിഎംഒ കെ ജെ റീന.  ചികിത്സയിലുള്ള യുവാവ് പനി ബാധിച്ച ശേഷം തൃശൂരില്‍ വന്നിരുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മുൻകരുതലെടുത്തിട്ടുള്ളതെന്ന് ഡിഎംഒ പറഞ്ഞു.

യുവാവുമായി അടുത്തിടപഴകിയ ആറ് പേർ നിരീക്ഷണത്തിലാണ്. ഇവർക്ക് വൈറസ് ബാധയേൽക്കാൻ സാധ്യതയില്ല. വൈറസ് തലച്ചോറിനെയാണ് ബാധിച്ചിരിക്കുന്നത്. യുവാവ് താമസിച്ചിരുന്ന പ്രദേശവും പഠിക്കുന്ന കോളേജ് പരിസരവും ആരോഗ്യവകുപ്പ് നിരീക്ഷിച്ചു. രോഗം തടയാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി. യുവാവിന്‍റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാർത്ഥികൾക്കും ഇതുവരെ പനിയുടെ ലക്ഷണമൊന്നുമുണ്ടായിട്ടില്ലെന്നും പനിയുടെ ഉറവിടം തൃശൂരല്ലെന്നും ഡിഎംഒ പറഞ്ഞു.

രണ്ട് ആഴ്ചത്തെ തൊഴിൽ പരിശീലനത്തിനായാണ് യുവാവ് തൃശൂരെത്തിയത്. തൃശൂരെത്തുമ്പോൾ തന്നെ യുവാവിന് പനി ഉണ്ടായിരുന്നു. തുടർന്ന് നാലാം ദിവസം തൃശൂരിൽ നിന്ന് മടങ്ങിയ യുവാവ് എറണാകുളത്ത് ചികിത്സ തേടുകയായിരുന്നു. എറണാകുളത്ത് യുവാവിന് നിപയെന്ന് സംശയമുള്ളതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞതിന് പിന്നാലെയാണ് ഡിഎംഒയുടെ പ്രതികരണം. രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥിരീകരിച്ചുവെന്നും എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം, എന്നാൽ രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികില്‍സ തേടണമെന്നും ആശുപത്രികളിൽ എല്ലാ വിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.