പാലക്കാട്ട് ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു

പാലക്കാട്: പാലക്കാട്ട് തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. നെന്മാറയിൽ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. വാടാനംകുറിശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഷൊർണൂർ സ്വദേശികളായ ഉമ്മർ ഫറൂഖ്, ഷാഫി, നെന്മാറ സ്വദേശികളായ സുധീർ, വൈശാഖ്, നിഖിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.അതേസമയം അപകടത്തിന് കാരണം ലോറിയുടെ വേഗമല്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് കാരണം ആംബുലൻസ് ഡ്രൈവറുടെ അശ്രദ്ധയായിരിക്കാമെന്നും നിഗമനമുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്
നെല്ലിയാമ്പതിയിൽ വിനോദയാത്ര പോകവെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലൻസ് അപകടത്തിൽ പെട്ടത്. നെല്ലിയാമ്പതിയിലെ അപകടത്തിൽ ഇവർക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞ് നാട്ടിൽ നിന്ന് ചില ബന്ധുക്കൾ നെന്മാറയിൽ എത്തിയിരുന്നു.ഇവിടെ നിന്ന് ബന്ധുക്കളിൽ രണ്ടുപേർ ഇവരോടൊപ്പം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൂടെ വന്നിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് വിവരം. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാവ് രാജേഷ്, പട്ടാമ്പി എംഎൽഎ ഷാഫി പറമ്പിൽ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.