ഖത്തറിലേക്ക് സൗഹൃദ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സ്വാഗതം !

ദോഹ: സൗഹൃദ സന്ദർശകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്ത് ഖത്തർ. വേനൽക്കാലത്ത് ഉല്ലസിക്കാനും ഷോപ്പിങ് കാലത്തും ആഘോഷ വേളകളിലും രാജ്യം സന്ദ‍ര്‍ശിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം ഇ-നോട്ടിഫിക്കേഷൻ സംവിധാനം തുടങ്ങി.

ഓഗസ്റ്റ് 16 വരെ വിദേശ സഞ്ചാരികൾക്കും പ്രവാസികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഖത്തർ സന്ദർശനം സുഗമമാക്കുകയാണ് ഇ-നോട്ടിഫിക്കേഷന്റെ ലക്ഷ്യം. സഞ്ചാരികളോടുള്ള ഖത്തറിന്റെ തുറന്ന മനോഭാവവും സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതും കൂടുതൽ ശക്തമാക്കാൻ സമ്മർ ഇൻ ഖത്തറിനു കഴിയുമെന്ന് ആഭ്യന്തരമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയ ടൂറിസം കൗൺസിലിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. ഇതോടെ, എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാർക്കും സൗജന്യ ഓൺ അറൈവൽ വീസ ലഭിക്കും. ഓഗസ്റ്റ് 16 വരെ വീസ ഓൺ അറൈവൽ സൗകര്യത്തിന് www.qatarvisaservices.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. 24 മണിക്കൂറിനകം വീസ അനുമതി അറിയിപ്പ് ലഭിക്കും.

നേരത്തെ ഇന്ത്യ ഉൾപ്പെടെ 83 രാജ്യങ്ങൾക്ക് സൗജന്യ വീസ ഓൺ അറൈവൽ സൗകര്യം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു. ഇത് ലഭിക്കാതിരുന്ന രാജ്യക്കാർക്ക് പുതിയ സംവിധാനം ഏറെ സഹായകമാകും. പ്രവാസികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കിൽ മടക്ക ടിക്കറ്റ്, പ്രവാസിയുടെ കാലാവധിയുള്ള താമസാനുമതി രേഖ, ബന്ധുത്വ തെളിവ് എന്നിവ കൈവശമുണ്ടാകണം. മുൻ ഖത്തർ പ്രവാസികൾക്കും ഈ സൗകര്യം ലഭിക്കും. അവധി ആസ്വദിക്കാൻ ഇഷ്ടകേന്ദ്രമായി ഖത്തർ തിരഞ്ഞെടുക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.