വിവിധ വർണങ്ങളിൽ പറന്നുയർന്ന പട്ടങ്ങൾ റിയാദിന്‌ പുതു ചരിത്രമായി.

റിയാദ്: മാനത്ത് വർണ്ണവിസ്മയം തീർത്ത് പറന്നുയർന്ന പട്ടങ്ങൾ റിയാദിന്‌ പുതു ചരിത്രമായി. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വൺ ഇന്ത്യാ കൈറ്റ് ടീമുമായി സഹകരിച്ച് റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായമയായ കോഴിക്കോടൻസ് അറ്റ് റിയാദാണ്‌ സൗദി തലസ്ഥാന നഗരിയിൽ ആദ്യമായി നടക്കുന്ന കൈറ്റ് ഫെസ്റ്റിന്‌ തുമാമയിലെ വിശാലമായ മരുഭൂമിയിൽ വേദിയൊരുക്കിയത്. ഇന്ത്യയുടെ മൂവർണ്ണ പതാകയുടെ നിറത്തിലുള്ള പട്ടം ആകാശത്തേക്കുകയർത്തിയാണ്‌ മൂന്ന് മണിക്കൂർ നീണ്ട പട്ടം പറത്തൽ മേളക്ക് തുടക്കമിട്ടത്. കനത്ത ചൂടിനെ അവഗണിച്ച് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആസ്വാദകർക്ക് മരുഭൂമിയിലെ ഈ സായാഹ്നം മറക്കാനാവാത്തതായി മാറി. അതിനിടെ അന്തരീക്ഷം മേഘാവൃതമായത് ആശങ്കയുണർത്തിയെങ്കിലും ചൂടിന്റെ ശക്തി കുറയാൻ അത് സഹായകമായി. മോട്ടോറിന്റെ ശബ്ദത്തോടെ ചടുല വേഗത്തിൽ ആകാശത്ത് വട്ടം ചുറ്റിയ സ്റ്റണ്ട് കൈറ്റ്സ് ആദ്യാവസാനം ആകാശത്ത് നിറഞ്ഞാടി. പൈലറ്റ് കൈറ്റ്സ്, ഫൈറ്റിംഗ് കൈറ്റ്സ്, മാന്ത്ര കൈറ്റ്സ്, പാരച്ച്യൂട്ട് കൈറ്റ്സ് തുടങ്ങിയവയെല്ലാം ഒന്നിന്‌ പിറകെ ഒന്നൊന്നായി പറന്നുയർന്നു. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ രൂപത്തിലുള്ള പട്ടവും താറാവിന്റെയും കുതിരയുടെയും രൂപത്തിലുള്ള പട്ടവുമെല്ലാം കൂടി തുമായയുടെ മാനം വർണ്ണാഭമാക്കി. വൺ ഇന്ത്യാ കൈറ്റ് ടീമിന്റെ മികച്ച പട്ടമായ സർക്കിൾ കൈറ്റ് കോഴിക്കോടൻസിന്റെ പ്രവർത്തകരും റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഒത്തൊരുമിച്ച് കയർ പിടിച്ച് ആർപ്പ് വിളിയോടെയാണ്‌ ആകാശത്തേക്കുയർത്തിയത്. വൈകുന്നേരം ആറര മണിയോടെ പട്ടങ്ങൾ നിലത്തിലിറക്കിയെങ്കിലും എൽ.ഇ.ഡി വെളിച്ചത്തോടെയുള്ള പട്ടം രാത്രി വൈകിയും പറന്നു കൊണ്ടിരുന്നു.
വൺ ഇന്ത്യ കൈറ്റ് ടീമിനുള്ള ഉപഹാരങ്ങൾ സംഘടനാ ഭാരവാഹികൾ സമ്മാനിച്ചു. കോഴിക്കോടൻസ് അറ്റ് റിയാദിന് ഉപഹാരം വൺ ഇന്ത്യ കൈറ്റ് ടീമിന്റെ ഉപഹാരം കേപ്റ്റൻ അബ്ദുല്ല മാളിയേക്കലിൽ നിന്ന് പ്രസിഡണ്ട് ഷകീബ് കൊളക്കാടൻ ഏറ്റുവാങ്ങി. കോഴിക്കോടൻ വിഭവങ്ങളും പരിപാടിയുടെ ആകർഷണമായി. ദംബിരിയാണിയും കോഴിക്കോടൻ പലഹാരങ്ങളും ഫുൾജാർ സോഡയുടെയും രുചി ആസ്വദിക്കാൻ നല്ല തിരക്കായിരുന്നു. രാത്രി സംഗീത നിശയോടെയാണ്‌ പരിപാടി സമാപിച്ചത്.
കോഴിക്കോടൻസ് അറ്റ് റിയാദിന്റെ പ്രഥമ പരിപാടിയെന്ന നിലയിൽ സംഘടിപ്പിച്ച കൈറ്റ് ഫെസ്റ്റ് എൻ.ആർ.കെ ചെയർമാൻ അഷ്റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശക്കീബ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട, ശിഹാബ് കൊട്ടുകാട്, ബഷീർ മുസ്ലിയാരകത്ത്, സത്താർ കായംകുളം, സലിം കളക്കര, ഡോ.അബ്ദുൽ അസീസ്, ജയൻ കൊടുങ്ങല്ലൂർ,ആദം ഒജിന്റകം,അയൂബ് കരൂപ്പടന്ന,ജലീൽ കിണാശ്ശേരി വി.കെ.കെ.അബ്ബാസ്, റാഫി കൊയിലാണ്ടി, ബഷീർ പാങ്ങോട്,നസ്‌റുദ്ദീൻ വി.ജെ,ലാലു വർക്കി, നിബിൻ, ശിഹാബ് കൊടിയത്തൂർ,സലിം പള്ളിയിൽ, മൈമൂന അബ്ബാസ്,സലാം പെരുമ്പാവൂർ,നൗഷാദ് ആലുവ,അബ്ദറഹിമാൻ ഫറോക്ക്,തുടങ്ങിയവർ ആശംസകൾ നേർന്നു,
പ്രോഗ്രാം കോഓർഡിനേറ്റർ മിർഷാദ് ബക്കർ, ഫൈസൽ ബിൻ അഹമ്മദ്, മുനീബ് പാഴൂർ,ഫൈസൽ പൂനൂർ,ഷാജു കെ.സി,ഗഫൂർ കൊയിലാണ്ടി, സൈതു മീഞ്ചന്ത ,ഷഫീഖ് കിനാലൂർ ,കബീർ നല്ലളം, കരീം കൊടുവള്ളി,ടി.എം.സുഹാസ്,ഉമ്മർ മുക്കം,ഷമീം മുക്കം,നവാസ് വെള്ളിമാട്കുന്ന്,യാക്കൂബ് ടി.എം, ഫൈസൽ പാഴൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.അക്ബർ വേങ്ങാട്ട് ആമുഖ പ്രസംഗം നടത്തി. നാസർ കാരന്തൂർ സ്വാഗതവും മിർഷാദ് ബക്കർ നന്ദിയും പറഞ്ഞു.