‘എം.എ.യൂസഫലി ഒരിക്കലും സുന്നികളുടെയോ , മുജാഹിദുകളുടെയോ , ജമാ അത്ത് ഇസ്‌ലാമിന്റെയോ തബ്‌ലീഗുകളുടെയോ, പക്ഷത്തു നിന്നിട്ടില്ല’ : ഒ. അബ്ദുള്ളയ്ക്ക് മറുപടിയായി ഷൗക്കത്ത് ലെൻസ്മാൻ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു

62

ഓ അബ്ദുള്ള സാഹിബ് ,

സ്ഥിരമായി സോഷ്യൽ മീഡിയയിൽ അങ്ങ് നിർഭയം പലതും പറയുന്നതിൽ രോമാഞ്ചവും അഭിമാനവും കൊണ്ട് അങ്ങയോടു പ്രിയമായി മാറിയ ഒരു ആസ്വാദകനാണ് ഞാൻ. എന്റെ പേര് ഷൌക്കത്ത്. ലെൻസ്‌മാൻ ഷൌക്കത്ത് എന്ന് പറഞ്ഞാൽ ചിലർക്കൊക്കെ എന്നെ അറിയാം.

എഴുത്തല്ല എന്റെ ജീവനോപാധി. എങ്കിലും ചില കാര്യങ്ങൾ കാണുമ്പോൾ എഴുതിപ്പോകുകയാണ്, അഥവാ അങ്ങോ അങ്ങയുടെ ഏതോ നിഴലുകളോ എന്നെക്കൊണ്ട് എഴുതിപ്പിക്കുകയാണ്.  മാധ്യമം പത്രത്തിൽ അങ്ങയുടെ നിരന്തര ലേഖനങ്ങളിൽ പുളകിതമായിരുന്ന അതെ മനസ്സുതന്നെയാണ് എനിക്ക് ഇപ്പോഴും. അതുകൊണ്ടാണ് സമയമെടുത്ത് ഇപ്പോൾ ഇങ്ങനെ എഴുതാനിരിക്കുന്നതും. മറ്റാരുടെയെങ്കിലും പേരാണ് അജ്ഞാത നാമകർത്താവിന്റെ സ്ഥാനത്ത് പിതൃ ശൂന്യമായ രീതിയിൽ കണ്ടിരുന്നെങ്കിൽ ഒരു നിമിഷം കളയാതെ ഞാൻ തള്ളിക്കളയുമായിരുന്നു . പക്ഷെ പേര് അങ്ങയുടേതാകുമ്പോൾ അങ്ങനെ വിട്ടുകളയാൻ വയ്യ . അങ്ങയോടുള്ള ബഹുമാനം നഷ്ടമായിട്ടില്ലെന്ന് അങ്ങയെ അറിയിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. അതുകൊണ്ട് എഴുതുന്നു.

നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായി മാറുമ്പോൾ അഭിനന്ദനം അറിയിച്ചുകൊണ്ട് എം എ യൂസഫ് അലി നൽകിയ വാർത്താക്കുറിപ്പ് എല്ലാ മാധ്യമങ്ങളിലും വന്നപ്പോൾ ഒരു പ്രതികരണം എന്ന രീതിയിൽ അങ്ങ് എഴുതിയ കുറിപ്പാണ് എന്നെ ചൊടിപ്പിച്ചത്. ആ കുറിപ്പ് അങ്ങയുടേതല്ല എന്നും അങ്ങായിരുന്നെങ്കിൽ കൂടുതൽ രൂക്ഷമായ ഭാഷ ഉപയോഗിക്കുമായിരുന്നെന്നും പിന്നീട് ഒരു പോസ്റ്റിൽ അങ്ങ് സാക്ഷാൽ അബ്ദുള്ള യുടെ മുഖവുമായി പ്രത്യക്ഷപ്പെട്ട് പറഞ്ഞപ്പോൾ അങ്ങ് അല്ല ആ അജ്ഞാത അപര നാമധാരിയെന്ന് എനിക്ക് ബോധ്യമായതാണ് . എന്നാൽ ഓ അബ്ദുള്ള എന്ന് പേരെഴുതിയ ആ അപരൻ അറിയണമല്ലോ ചില കാര്യങ്ങൾ . അതിനുവേണ്ടി ഏതോ ഒരു ഓ അബ്ദുള്ള എന്ന രൂപത്തിൽ ഞാൻ കുറിക്കുകയാണ് . ആരാണോ കുറിപ്പ് എഴുതിയത് അവരുടെ കുറിക്ക് കൊള്ളാൻ മാത്രം.

നരേന്ദ്ര മോദിയെ പ്രശംസിക്കുന്നത് പദ്മശ്രീക്കപ്പുറമുള്ള മറ്റു ചില പുരസ്‌കാരങ്ങൾ യൂസഫ് അലിക്ക് കിട്ടാൻവേണ്ടിയാണ് എന്ന് അബ്ദുള്ളയുടെ കത്തിൽ ഒരു കുത്തുകണ്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വിഷയത്തിൽ യൂസഫ് അലിയെ മോഡൽ ആക്കിക്കൊണ്ട് സകല മാന കച്ചവടക്കാരും മനുഷ്യ സ്നേഹികളും ഓരോ കാര്യങ്ങൾ ചെയ്യാൻ മുന്നോട്ട് വരുന്ന ഈ കാലഘട്ടത്തിൽ യഥാർത്ഥ ഓ അബ്ദുള്ള ഒരിക്കലും അങ്ങനെ എഴുതില്ല എന്നെനിക്ക് നന്നായറിയാം. അതുകൊണ്ട് അത് വിടുന്നു. ദിവസം ഒരു ഡസനിലധികം പുരസ്‌കാരങ്ങൾ പല രാജ്യങ്ങളിൽ നിന്നും വിവിധ യൂണിവേഴ്സിറ്റി കളിൽ നിന്നുള്ള ഡി ലിറ്റ് ആയും യൂസഫ് അലിയെ തേടി വരുന്നത് അദ്ദേഹം അഭിനന്ദന കത്ത് അയക്കുന്നതുകൊണ്ടല്ല, മറിച്ചു അദ്ദേഹം തന്നെ ഒരു യൂണിവേഴ്സിറ്റിയായി നിലകൊള്ളുന്നതുകൊണ്ടാണ് . ഇത് നമുക്ക് രണ്ടാൾക്കും അറിയാമല്ലോ . അപരന്മാർക്ക് ഇതൊന്നും അറിയണമെന്നില്ല. കാശു കൊടുത്ത് സഹായിക്കുന്നതിലും വാക്കുകൊണ്ട് പ്രശംസിക്കുന്നതിലും യുസഫ് അലി പിശുക്ക് കാണിക്കാറില്ല . അദ്ദേഹം ഒന്ന് കരുതിയാൽ സഹായം ആ അർഹതയുള്ള ഭവനത്തിൽ ആ നിമിഷം എത്തും. അതൊന്നും പരസ്യപ്പെടുത്താറില്ല. അർഹതപ്പെട്ടവർക്ക് എന്തും വാരിക്കോരി കൊടുത്തുകളയും .. ലക്ഷം പ്രധീക്ഷിച്ചു വരുന്നവരെ ചിലപ്പോൾ കോടികൾ കൊടുത്തു അത്ഭുതപ്പെടുത്തിക്കളയും..
ശ്രീ നരേന്ദ്രമോദിയെക്കുറിച്ചു യൂസഫലി പറഞ്ഞ അനുമോദനങ്ങൾ അധികമായിപ്പോയെങ്കിൽ അതിന്റെ ഭാഗമായി മാത്രം കരുതിയാൽ മതി .. ഇടയിലെവിടെയോ അംബാനിമാരെയും , അദാനിമാരെയും താങ്കൾ പരാമര്ശിച്ചുവല്ലോ ..അവരെയൊക്കെ ഇന്ത്യക്കാർ കടലാസിലെ കണ്ടിട്ടുളളൂ അബ്‌ദുള്ള സാഹിബ്….

എം.എ.യൂസഫലി എന്ന വലിയ മനുഷ്യൻ പക്ഷെ എന്നും ജനങ്ങൾക്കിടയിലായിരുന്നു.. എം.എ..യൂസഫലിയുടെ കനിവിൽ അഭിമാനത്തോടെ , സർവ സ്വാതന്ത്ര്യത്തോടെ ജോലിയെടുത്തു ജീവിക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും താങ്കളുടെ പേരിലുള്ള കുറിപ്പ് കണ്ടപ്പോൾ പ്രതികരിക്കാതിരുന്നത് ഭയന്നിട്ടല്ല . അവർക്ക് താങ്കളെപ്പോലെ എഴുതാൻ അറിയാത്തതുകൊണ്ടാണ്..അല്ലെങ്കിൽ അവർ താങ്കൾക്ക് നല്ല മറുപടി തരുമായിരുന്നു.. പിന്നെ താങ്കളുടെ പേരിൽ ഇങ്ങനെയൊരു മുഷിപ്പൻ അസൂയാജഡിലമായ കുറിപ്പ് വന്നപ്പോൾ അത് അജ്ഞാത നാമകർത്താവിന്റെ ഒളി സേവാ മാത്രമെന്നും അങ്ങയുടെ തലച്ചോർ അതിൽ ഇല്ലെന്നും അങ്ങയെ അറിയാവുന്ന ലക്ഷങ്ങൾ മനസ്സിലാക്കിയതുകൊണ്ടും ആരും മറുപടി എഴുതാൻ മിനക്കെടാത്തതാണ്‌ . പക്ഷെ ഞാൻ അങ്ങനെയല്ല . എനിക്ക് സമയം ഉണ്ട് . അങ്ങയുടെ നിരപരാധിത്വം തെളിയിക്കാൻ കുറച്ചു സമയം ചിലവാക്കുന്നത് എനിക്ക് ഒരു പ്രാർത്ഥനയുടെ ലഹരി നൽകുന്നു.

യൂസഫലി ബിസിനസ് സാമ്രാജ്യം വിപുലമാക്കുമ്പോൾ ഗ്രോസറിക്കാരും മറ്റും ദുരന്തത്തിൽ പെട്ടുപോകുന്നുവെന്ന് അങ്ങയുടെ പേരുകാരൻ അജ്ഞാതൻ എഴുതിയിട്ടുണ്ട്. യേശുദാസിനെ ഒന്ന് ഇവിടേക്ക് കൊണ്ടുവന്നോട്ടെ ? മറ്റു ഗായകർക്ക് തലയെടുക്കാൻ പറ്റാത്തത് യേശുദാസ് പാടുന്നതുകൊണ്ടാണെന്ന് ഇതുപോലെ ചിലർ പരാതിപ്പെട്ടിരുന്നത് അങ്ങേയ്‌ക്ക് അറിയാമല്ലോ – അതിനു യേശുദാസ് ചോദിച്ച ലളിതമായ ചോദ്യം ഓർമ ഉണ്ടല്ലോ – ഞാൻ പാട്ട് നിർത്തിയാലേ മറ്റുള്ളവർക്ക് പാടാൻ കഴിയുകയുള്ളോ ? പി ടി ഉഷയുടെ കാര്യവും ഇങ്ങനെ തന്നെ – ഉഷ ഓട്ടം നിർത്തിയാൽ കൂടെയുള്ളവർക്ക് ജയിക്കാം എന്ന സ്ഥിതി ഉണ്ടായിരുന്നല്ലോ – അതുകാരണം ഉഷ ഓട്ടം നിർത്തിയാൽ എന്താണ് അവസ്ഥ. നമ്മുടെ കുട്ടിക്കാലത്തു അമർ ചിത്ര കഥ വായിക്കാൻ ബാലരമയും പൂമ്പാറ്റയും തേടിപ്പോയത് അങ്ങേയ്‌ക്ക് ഓർമയിൽ ഉണ്ടല്ലോ , പക്ഷെ ഇപ്പോഴത്തെ കുട്ടികൾ അതെ സ്ഥാനത്ത് പബ്‌ജി ഗെയിം തേടി പോകുകയാണ് . ഇതാരുടെയും കുറ്റമല്ല , ഓരോരോ കാലങ്ങളിൽ ഓരോ ട്രെൻഡുകൾ വരും. അങ്ങയുടെ പിതാവിന്റെ കാലഘട്ടത്തിലെ പ്രവണതകൾ അല്ലല്ലോ അങ്ങയുടെ മക്കളുടെ കാലത്തുള്ളത് . അതുകൊണ്ട് സ്വാഭാവികമായ താത്കാലിക പരിവർത്തന സിദ്ധാന്തങ്ങളായി ഇതിനെയൊക്കെ കണ്ടാൽ മതിയെന്ന് അപരനോട് കണ്ടാൽ പറയണം.ഒരു വിശ്വാസി എന്ന രീതിയിലും കച്ചവടക്കാരൻ എന്ന രീതിയിലും നല്ല എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള യൂസുഫലി ഏതെങ്കിലും വിഭാഗത്തിന്റെ താവളത്തിൽ പെട്ടുപോകില്ലെന്ന് വിശ്വസിക്കാനുള്ള സാമാന്യ ബോധം അങ്ങയുടെ അപരനാമധാരിക്ക് ഉണ്ടാകട്ടെ , അല്ലേ !

എം.എ.യൂസഫലി ഒരിക്കലും സുന്നികളുടെയോ , മുജാഹിദുകളുടെയോ , ജമാ അത്ത് ഇസ്‌ലാമിന്റെയോ തബ്‌ലീഗുകളുടെയോ, പക്ഷത്തു നിന്നിട്ടില്ല..അതുണ്ടായാലേ ഒരു മുസ്ലിം , മുസ്ലീമാവുകയുള്ളൂ എന്നത് താങ്കളുടെ മാത്രം വിശ്വാസവും ബോധ്യവുമാണ്…ദയവു ചെയ്തു അങ്ങിനെ എം.എ. യുസഫലിയും ആകണമെന്ന് സദയം പറയരുത്, വാശി പിടിക്ക്യരുത് ..ഒരു തുറന്ന അനുമോദനത്തിന്റെ പേരിൽ എം.എ.യൂസഫലി ഒരു സമൂഹത്തിനു നൽകിയ തണലും കനിവും ആശ്രയവും നിഷ്‌ക്കരുണം മറക്കരുത്.. വെറുതെ ഒരു വ്യക്തിയെ ലോകം മുഴുവൻ നെഞ്ചിലേറ്റി ആദരിക്കയുമെന്ന് താങ്കൾ കരുതുന്നുണ്ടോ..? Dr യൂസഫലിയുടെ ജീവിതം മാതൃകാപരമാണെന്ന് കരുതുന്ന പരശ്ശതങ്ങളെയാണ് താങ്കൾ കളിയാക്കുന്നതും പരിഹസിക്കയുന്നതും..താങ്കളുടെ കുറിപ്പ് വായിച് ആഹ്ലാദിച്ചവർ ഉണ്ടാകാം..അതൊരു മാനസികാവസ്ഥ ആയിട്ടാണ് ഞാൻ കാണുന്നത്…

പിന്നെ, യുസഫ് അലി മുജാഹിദ് ആണെന്ന് തോന്നുന്നതായി അങ്ങ് പറഞ്ഞതായി കേട്ടു . അങ്ങായിരിക്കില്ല അത് പറഞ്ഞതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം . കാരണം എനിക്ക് അങ്ങയെ വളരെ ഇഷ്ടമാണ് . അങ്ങ് അസത്യത്തിന്റെ പ്രചാരകനായി അറിയപ്പെട്ടു ജീവിച്ചു മരിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല . അതുകൊണ്ട് അതെ വീഡിയോ ഒന്നുകൂടി അങ്ങ് തന്നെ കണ്ട് ഒരു വീഡിയോ എഡിറ്ററുടെ സഹായത്തോടെ ഒന്ന് അഡ്ജസ്റ്റ് ചെയ്‌ത്‌ വെട്ടിക്കളഞ്ഞു വീണ്ടും പോസ്റ്റ് ചെയ്യാവുന്നതാണ്. അങ്ങയോടുള്ള ബഹുമാനത്തിൽ കുറവ് വരുന്നത് എനിക്ക് സഹിക്കില്ല . മറ്റുള്ളവരെയും ഞാൻ അതിനു അനുവദിക്കില്ല . എന്റെ കൊക്കിൽ ജീവനുള്ള കാലം വരെ .

ഗുജറാത്തിലും യൂ പി യിലും യുസഫ് അലി സാമ്രാജ്യം വിപുലമാക്കാനാണ് മോദി സർക്കാരിനെ പ്രശംസിക്കുന്നതെന്ന് അങ്ങ് എഴുതിക്കണ്ടു . സോറി അങ്ങയുടെ അപരൻ എഴുതിക്കണ്ടു. ഈ അപരന്റെ ഒരു കാര്യം!! . ഒബാമ , ട്രംപ് , വ്ലാദിമിർ പുച്ചിൻ , തെരേസ മെയ് , ടോണി ബ്ലെയർ തുടങ്ങിയ നേതാക്കന്മാർ അധികാരത്തിൽ എത്തിയപ്പോളും ഇതിനപ്പുറം പ്രസ്താവനകൾ , അവലോകനങ്ങൾ തുടങ്ങിയവ ഇതേ യൂസഫലി നൽകിയിട്ടുണ്ട്. അതൊക്കെ അങ്ങയുടെ നാമധാരി അപരൻ ഒന്ന് കണ്ടെങ്കിൽ എന്റെ ജോലി എളുപ്പമാകും. എല്ലാം ഈ അപരനെ പഠിപ്പിക്കേണ്ടല്ലോ .

അങ്ങ് മാധ്യമരംഗത്ത് ആവതു കാലത്ത് ഉണ്ടാക്കിയ സൽപ്പേര് ഈ സോഷ്യൽ മീഡിയ യുഗത്തിൽ ചില്ലറ പോസ്റ്റുകളുടെ പേരിൽ നഷ്ടപ്പെട്ടുപോകരുതല്ലോ . അങ്ങ് ചരിത്രത്തിൽ ഇടം പിടിച്ച അപൂർവ വ്യക്തിത്വമാണ്. നിഷ്പക്ഷൻ , വിശകലന വിദഗ്ദ്ധൻ , തുടങ്ങി പല വിശേഷണങ്ങളും അങ്ങേയ്‌ക്ക് ചേരും . ആ നല്ല പദവിയാണ് ഈ വികൃതി പിടിച്ച അപരൻ അങ്ങയുടെ സാക്ഷാൽ പേര് ഉപയോഗിച്ച് നശിപ്പിക്കുന്നത്. ഇതിലെല്ലാം ഉപരി , ഒരു നാടിൻറെ പ്രധാനമന്ത്രിയെ നല്ല വാക്കുകൾ കൊണ്ട് അഭിനന്ദിക്കാൻ ഒരു അപരന്റെ അപ്പ്രൂവൽ നമ്മുടെ യൂസഫ് അലിക്ക് വേണ്ടതുണ്ടോ എന്ന് അങ്ങ് തന്നെ ആലോചിക്കണം ! ഒരു നല്ല നോട്ടം , നല്ല വാക്ക് , ഒരു പുഞ്ചിരി ഇതൊക്കെ മതി ലോകം നേരെയാകാൻ എന്നും ഇതൊക്കെയാണ് ഏവർക്കും നൽകാൻകഴിയുന്ന ദാനം എന്നും പഠിപ്പിച്ച പ്രവാചകന്റെ അനുചരന്മാരായ ഞാനും അങ്ങും യുസഫ് അലിയും മോദിയെ അനുമോദിച്ചു രണ്ടു വാക്ക് പറഞ്ഞാൽ എന്താണ് നഷ്ടപ്പെട്ടുപോകുന്നത് . താങ്കളുടെ അപരൻ ഒരു ഒന്നൊന്നര സംഭവം തന്നെ. അറിയപ്പെടുന്ന ഒരു തിന്മകളിലും ഇടപെട്ടിട്ടില്ലാത്ത , പരദൂഷണം കേൾപ്പിച്ചിട്ടില്ലാത്ത , എല്ലാവർക്കും നന്മ മാത്രം ചെയ്യുന്ന , എപ്പോഴും നമ്മുടെയൊക്ക ഒരു വിളിപ്പാടകലെ ഒരു വലിയ പ്രതീക്ഷയായി നിലകൊള്ളുന്ന , എല്ലാ നാട്ടിലെയും ഭരണാധികാരികളുടെ പ്രിയമിത്രമായി കഴിയുന്ന , ലോകത്തെവിടെ നിൽക്കുമ്പോഴും ജന്മ നാടായ നാട്ടികയിൽ അഭിമാനം കൊള്ളുന്ന , വെറും പച്ച മനുഷ്യന്റെ ഗ്രാമീണ നൈർമല്യങ്ങളിൽ ജീവിക്കുന്ന ഒരാളെയാണ് താങ്കളുടെ അപര നാമധാരി പാരമ്പര്യം മറന്നുകൊണ്ട് മോശപ്പെട്ട ഭാഷയിലൂടെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നതെന്നറിയുമ്പോൾ താങ്കളെപ്പോലെ എനിക്കും വേദനയുണ്ട്. ആ വേദനയുടെ ഭാരം താങ്കളുമായി പങ്കുവെയ്ക്കാൻ മാത്രമാണ് ഈ കുറിപ്പ്.

നമുക്കെല്ലാം നമ്മുടെ പൂർവികർ , പിതാമഹന്മാർ , മാതാപിതാക്കൾ തുടങ്ങിയവർ ശീലിപ്പിച്ചുതന്ന നല്ല ഗുണങ്ങൾ തലമുറകളിലൂടെ കാത്തുസൂക്ഷിക്കാൻ പരമ കാരുണികനായ ദൈവം അവസരം നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അതിന് നല്ല വാക്കുകൾ അനിവാര്യമാണ്. വചനം നല്ലതായാൽ തന്നെ ഒരാൾ മനുഷ്യനായി. നമ്മൾ മനുഷ്യ കുലത്തിലെ അന്തേവാസികളായി ജീവിച്ചു മരിക്കാൻ ഇടവരട്ടെ. അങ്ങ് അപരനെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി , അങ്ങും ഉത്തമ മനുഷ്യനായി. നന്ദി.