അതിവേഗ സസ്പെൻഡഡ് റെയിൽപ്പാതയുമായി ദുബായ്

6

ദുബായ്:ഹൈടെക് സാങ്കേതിക വിപ്ലവവുമായി ഗതാഗത രംഗത്ത് പുതിയ തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് ദുബായ്. അതിവേഗ സസ്പെൻഡഡ് റെയിൽപ്പാതയ്ക്കുള്ള വഴി തുറക്കുകയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി ഹൈടെക് സസ്പെൻഡഡ് ഗതാഗതസംവിധാനത്തിൽ പ്രമുഖരായ സ്കൈട്രാൻ എന്ന ആഗോള കമ്പനിയുമായി ആർ.ടി.എ. കരാർ ഒപ്പുവെച്ചു.

റോഡിന് മുകളിൽ പാലം പോലെ ഒരുക്കുന്ന പാതയിൽ തൂങ്ങിക്കിടക്കുന്ന വിധത്തിലാണ് സസ്പെൻഡഡ് റെയിലിന്റെ ഘടന. ഇതിലൂടെ ഡ്രൈവറില്ലാ വാഹനങ്ങൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ പായും. ആറു ലൈനുകളുള്ള ഒരു റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളതിലധികം പേർക്ക് ഇതുവഴി യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. കമ്പനിയുടെ ആദ്യ പദ്ധതി അടുത്തവർഷം യാഥാർഥ്യമാകും. നിലവിൽ രണ്ടു പരീക്ഷണകേന്ദ്രങ്ങളിലായി ഇതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.

ഗതാഗതരംഗത്ത് ആധുനിക സാങ്കേതികത ഉപയോഗിച്ച് സമഗ്രവും സുരക്ഷിതവുമായ മാറ്റങ്ങൾ വരുത്താനുള്ള ആർ.ടി.എ.യുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് റെയിൽ ഏജൻസി ചീഫ് എക്സിക്യുട്ടീവ് അബ്ദുൽ യൂനസ് പറഞ്ഞു. 2030 ഓടെ ദുബായിലെ വാഹനങ്ങളിൽ 25 ശതമാനവും സ്വയം നിയന്ത്രിത വാഹനങ്ങളാകണമെന്ന തീരുമാനത്തിന്റെ ഭാഗം കൂടിയാണിത്. ഹൈടെക് ഗതാഗതസംവിധാനങ്ങൾ ദുബായിലെ യാത്രച്ചെലവ് 44 ശതമാനം കുറയ്ക്കുമെന്നും സമ്പദ് വ്യവസ്ഥയിലേക്ക് 22 ബില്യൺ ദിർഹം പ്രതിവർഷം നേടിത്തരുമെന്നുമാണ് കണക്കുകൾ പറയുന്നത്.