മാനവ സ്നേഹത്തിൻറെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് യുഎഇയിൽ പെരുന്നാൾ ആഘോഷം

52

റമദാനിലെ 29 ദിവസത്തെ വ്രതം അനുഷ്ഠിച്ച വിശ്വാസികൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുമ്പോൾ രാവിലെ 5 .40 നും 5 .50 നും ഇടയിൽ വിവിധ എമിറേറ്റുകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പള്ളികളിലും ഈദ് ഗാഹുകളിലും പ്രസംഗങ്ങളിൽ മുഴങ്ങിയത് മാനവ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം. ഭാഷ , രൂപം തുടങ്ങി പല വൈജാത്യങ്ങളും മനുഷ്യർക്കിടയിൽ ഉണ്ടെങ്കിലും അവർ സഹോദരങ്ങൾ ആണെന്ന് ഉറപ്പിക്കുന്ന സന്ദേശങ്ങൾ ഖുർആനിൽ ഉണ്ടെന്ന് ഇമാമുമാർ ഓർമിപ്പിച്ചു. ഒരേ പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നുമാണ് മനുഷ്യരാശിയുടെ സൃഷ്ടിയെന്ന് പ്രസംഗം ഓർമിപ്പിച്ചു . സഹോദര്യത്തിൽ വെള്ളം ചേർക്കുന്നത് പിശാചിന്റെ വേലയാണെന്ന് തിരിച്ചറിയണമെന്ന് ഖുതുബ വ്യക്തമാക്കി . അഗതികളോട് നീതിയും ധർമവും കാരുണ്യവും കാണിക്കണമെന്നും പരസ്പരം സഹകരിച്ച് മാനവ ഐക്യം ഊട്ടി ഉറപ്പിക്കണമെന്നും പ്രസംഗം സൂചിപ്പിച്ചു.

12 മിനിറ്റ് നീണ്ട ഖുതുബയിൽ , കരാറുകൾ പാലിക്കണമെന്ന് ഓർമിപ്പിച്ചു . യുഎ ഇ ഭരണാധികാരികൾക്കും പൗരന്മാർക്കും പ്രവാസികൾക്കും ക്ഷേമം, സമാധാനം എന്നിവ ആശംസിച്ചാണ് പ്രസംഗം അവസാനിച്ചത്. ദൈവിക കാരുണ്യത്തിൽ സന്തോഷം ഉള്ളവരായിരിക്കണമെന്നും സമാധാനത്തിന്റെ സന്ദേശം ആയിരിക്കണം നമ്മൾ പ്രചരിപ്പിക്കേണ്ടതെന്നും ഖുതുബ വ്യക്തമാക്കി. കുടുംബ ഭദ്രതയുടെ പ്രാധാന്യവും ഖുതുബ എടുത്തുപറഞ്ഞു. സഹിഷ്ണുതയുടെ സന്ദേശം ലോകമെങ്ങും മുഴങ്ങട്ടെയെന്ന് ഇമാമുമാർ ആഹ്വാനം ചെയ്തു. പരസ്പരം കെട്ടിപ്പിടിച്ചും ഹസ്ത ദാനം നടത്തിയും ഈദിന്റെ സമാധാനത്തിന്റെ സന്ദേശം കൈമാറിയുമാണ് വിശ്വാസികൾ പ്രാർത്ഥനാസ്ഥലം വിട്ടു പോയത്.