സ്വർഗം ലഭിക്കാൻ വിശ്വാസ കർമങ്ങൾക്കൊപ്പം മറ്റെന്തൊക്കെ? യുഎഇയിലെ പള്ളികളിൽ ഇന്നത്തെ ഖുതുബ സന്ദേശം…

യുഎഇ യിലെ പള്ളികളിൽ ഇന്ന് ( ജൂൺ 14 ) വെള്ളിയാഴ്ച നമസ്‌കാരത്തിന് മുന്നോടിയായുള്ള ഖുതുബയിൽ ഇമാമുമാർ, സ്വർഗ്ഗത്തിന്റെ അവകാശികളായി മാറുന്ന നന്മകളുടെയും വിശ്വാസത്തിന്റെയും ദീപ്തി പ്രകാശിപ്പിച്ചു ജീവിക്കുന്നവരെക്കുറിച്ച് പ്രതിപാദിച്ചു. നമസ്‌കാരം അടക്കമുള്ള വിശ്വാസത്തിന്റെ കർമങ്ങൾ അനുഷ്ഠിക്കുന്നതോടൊപ്പം ദാനധർമ്മം , മാതാപിതാക്കളോടുള്ള കടമ നിർവഹിക്കൽ , മാതാപിതാക്കളുടെ കാലശേഷം അവർ സ്നേഹിച്ചിരുന്നവരെ തുടർന്നും സ്നേഹിക്കൽ, അനാഥരെ സംരക്ഷിക്കൽ , കൃത്യമായി സക്കാത് കൊടുക്കൽ, അടിമ വിമോചന പരിപാടികൾ , ക്ഷമ പാലിക്കൽ , സൂക്ഷ്മത പാലിക്കൽ തുടങ്ങി നിരവധി സൽസ്വഭാവങ്ങൾ ഉള്ളവർക്ക് അള്ളാഹു സ്വർഗവാസം ഗ്യാരണ്ടി ചെയ്യുമെന്ന നബിവചനങ്ങൾ ഖുതുബയിൽ പരാമർശിക്കപ്പെട്ടു.
നന്മകളുടെ ശേഖരം ഡോക്യൂമെന്റുകളായി “ഇല്ലിയ്യൂൻ” എന്ന ഉദാത്ത ദൈവിക രേഖയിൽ ഉണ്ടാകുമെന്നും പരിശുദ്ധ മാലാഖമാരുടെ സാക്ഷ്യം ആ രേഖയ്‌ക്ക് ഉണ്ടായിരിക്കുമെന്നും ഖുതുബ ഓർമിപ്പിച്ചു. ഇതിൽ ഇടം കണ്ടെത്തുന്ന നന്മ ചെയ്യുന്നവരും സൽസ്വഭാവം സൂക്ഷിക്കുന്നവരും ” അബ് റാറുകൾ ” എന്ന് അറിയപ്പെടുമെന്നും ഖുർആനിക സൂക്തങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഇമാമുമാർ വ്യക്തമാക്കി.
മാതാവിനോട് പുണ്യം ചെയ്യുന്ന വിശ്വാസികൾ നടത്തുന്ന പ്രാർത്ഥനകൾക്ക് പെട്ടെന്ന് ഉത്തരവും ഫലപ്രാപ്തിയും ലഭിക്കുമെന്ന് ഉവൈസ് ഇബിനു ആമിറിന്റെ ജീവിതം ഓർമിപ്പിച്ചുകൊണ്ട് ഖുതുബ പരാമർശിച്ചു. മാതാപിതാക്കളോട് നല്ല രീതിയിൽ വർത്തിച്ച് പുണ്യത്തിന്റെ അവകാശം നേടിയെടുത്ത യഹ്‌യ നബിയെയും ഇന്നത്തെ ഖുതുബ അനുസ്മരിച്ചു.
വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്നവർ സ്വർഗ്ഗ പ്രവേശത്തിന്റെ സാധ്യതയുള്ള ‘ അബ് റാറുകളുടെ’ കൂട്ടത്തിൽ വരുമെന്ന നബി വചനം ഇമാമുമാർ ഇന്ന് ഓർമിപ്പിക്കുകയും ചെയ്തു.