കത്വ കേസ് : പ്രതികൾക്ക് കൂടുതൽ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ

ന്യൂഡൽഹി: കത്വ കേസിലെ പ്രതികൾക്ക് പഠാൻകോട്ട് കോടതി നൽകിയ ശിക്ഷയിൽ തൃപ്തിയില്ലെന്നും കൂടുതൽ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീർ സർക്കാർ നിർബന്ധമായും മേൽക്കോടതിയിൽ അപ്പീൽ പോകണം- രേഖ ശർമ ട്വീറ്റ് ചെയ്തു.

ജമ്മുകശ്മീരിലെ കത്വ ഗ്രാമത്തിൽനിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു. അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് പെൺകുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.