ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ തീം പാർക്ക് ബഹ്‌റൈനിൽ…

മനാമ: ബഹ്‌റൈനിൽ പൂർത്തിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ തീം പാർക്ക് ഓഗസ്റ്റിൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നിർമിക്കുന്ന തീം പാർക്കിന്റെ അവസാനഘട്ട പണികൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഡൈവിങ് സൗകര്യങ്ങൾ ഒരുക്കി നിർമ്മിക്കുന്ന അണ്ടർ വാട്ടർ തീം പാർക്ക് സാഹസിക നീന്തൽക്കാർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്കും വളരെയേറെ കൗതുകമായ കാഴ്ചയാണ് ഒരുക്കുന്നത്.

100,000 സ്‌ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന പാർക്കിൽ പരിസ്ഥിതി സൗഹൃദമായിട്ടുള്ള നിർമ്മിതികളും കൃത്രിമ പവിഴപ്പുറ്റുകളും ഉണ്ടാകും. അതോടൊപ്പം പാർക്കിന്റെ മധ്യത്തിൽ ജലത്തിനടിയിൽ ജംബോ ജെറ്റ് വിമാനവുമുണ്ടാവും. മുത്തുകളും ചിപ്പികളും പവിഴങ്ങളും ശേഖരിക്കുന്ന രാജ്യത്തെ പരമ്പരാഗത വിഭാഗക്കാരുടെ ഭവനങ്ങളുടെ മാതൃകകളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. കടൽ ജീവികളെയും പവിഴപുറ്റുകളെയും അലോസരപ്പെടുത്താതെയായിരിക്കും അണ്ടർ വാട്ടർ തീം പാർക്ക് പ്രവർത്തിക്കുക.

ഇന്നലെ ഡിയർ അൽ മുഹറഖിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യവസായ, വിനോദ വകുപ്പ് മന്ത്രി സായിദ് അൽ സയാനി അണ്ടർ വാട്ടർ തീം പാർക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.