അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൽ സൗദിയും പങ്കുചേർന്നു

ദമാം: സൗദി അറേബ്യയിലെ ദമ്മാമിൽ ഇന്നലെ നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൽ പങ്കെടുത്തത് രണ്ടായിരത്തിലധികം ആളുകൾ.

ഇന്ത്യൻ ഓവർസീസ് ഫോറം സൗദി അറേബ്യയുടെ ആഭിമുഖ്യത്തിലാണ് അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്.

സ്ത്രീകളും കുട്ടികളും അടക്കം രണ്ടായിരത്തോളം ആളുകളാണ് യോഗ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമായി.

ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി ക്ഷേമ കാര്യ വിഭാഗം കോൺസുലർ ദേശ് ബന്ധു ഭാട്ടി ചടങ്ങിൽ മുഖ്യാഥിതിയായി. യോഗ പരിശീലനത്തിനും പ്രചാരണത്തിനുമായി സൗദിയിൽ അറബ് യോഗ ഫൗണ്ടേഷൻ പ്രത്യേക പരിഗണന നൽകുന്നതായി ചടങ്ങിൽ അതിഥിയായി പങ്കെടുത്ത സ്വദേശിയും യോഗ പരിശീലകയുമായ ഹവാ അൽ ദാവൂദ് പറഞ്ഞു.

യോഗ സെമിനാർ, കുട്ടികളുടെ യോഗാഭ്യാസം എന്നിവയും നടന്നു. ഇന്ത്യൻ ഓവർസീസ് ഫോറം പ്രസിഡണ്ട് പ്രസാദ് ഓച്ചിറ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുള്ള മഞ്ചേരി, ശശിധരൻ തുടങ്ങിയർ പരിപാടിക്ക് നേതൃത്വം നൽകി.