താൻ സ്വപ്‌നം കണ്ടതിലധികം നൽകി യുഎ ഇ തന്നെ സ്വീകരിക്കുകയായിരുന്നെന്ന് യൂസഫലി

18

യുഎ ഇ ഭരണകൂടം തനിക്ക് പെർമനെന്റ് റെസിഡൻസി ഗോൾഡ് കാർഡ് നൽകിയ, ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനമായ ഇന്ന്, താൻ അഭിമാനിതനും വിനയാന്വിതനും ആവുകയാണെന്ന് എം എ യൂസഫലിയുടെ ആദ്യ പ്രതികരണം പുറത്തുവന്നു. ജീവിതത്തിലെ ശരിയായ ഒരു നാഴികക്കല്ലെന്നാണ് അദ്ദേഹം ഗോൾഡ് കാർഡ് ലബ്‌ധിയെ വിശേഷിപ്പിച്ചത്. ആദ്യമായി ഇവിടെ കാലുകുത്തിയ 1973 മുതൽ ഇക്കണ്ട നാലര പതിറ്റാണ്ടിലധികം യുഎ ഇ യിൽ ജീവിക്കുന്ന തനിക്ക് ഇപ്പോഴും യുഎ ഇ തന്നെയാണ് ഏറ്റവും ആശ്രയമായിമാറിയ അഭയ സ്ഥാനം . താൻ സ്വപ്‌നം കണ്ടതിലധികം നൽകി യുഎ ഇ തന്നെ സ്വീകരിക്കുകയായിരുന്നെന്നും യൂസഫലി പറഞ്ഞു.

സ്ഥിര താമസത്തിനായുള്ള ഗോൾഡ് കാർഡ് സമ്പ്രദായം സംബന്ധിച്ച് ആലോചന വന്നപ്പോൾ അതിൽ പ്രഥമ സ്ഥാനീയനായി തന്നെ പരിഗണിച്ചതിൽ താൻ അങ്ങേയറ്റം നന്ദിയുള്ളവനും വിനയാന്വിതനും ആയി മാറുന്നു . യുഎഇ ഭരണാധികാരികളുടെ ഹൃദയ വിശാലതയും മഹാമനസ്കതയും വിശാലമായ സഹോദര സ്നേഹവും പ്രകടമാകുന്ന ഒരു സമീപനമാണ് വിദേശികൾക്ക് ഗോൾഡ് കാർഡ് നൽകാനുള്ള തീരുമാനമെന്ന് അദ്ദേഹം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും , സഹിഷ്ണുതയുള്ളതും വികാസനോന്മുഖവുമായ രാജ്യമായി യുഎ ഇ വളർന്നത് ഭരണാധികാരികളുടെ ദീർഘ വീക്ഷണ പാടവം കൊണ്ടാണെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

ഈ പുതിയ “ഗോൾഡ് കാർഡ് സ്ഥിര താമസ സൗകര്യം” വഴി ഇവിടുത്തെ വൻകിട നിക്ഷേപകർ രാജ്യത്തിൻറെ ഇമേജ് കൂടുതൽ വർധിപ്പിക്കുന്ന രീതിയിൽ സഹകരിക്കുകയും ഇടപെടുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി യുഎ ഇ നിലനിൽക്കുമെന്നതിന്റെ അടയാളമാണ് ഈ സംവിധാനമെന്നും യൂസഫലി പറഞ്ഞു. തനിക്ക് കിട്ടിയ ഈ ആദരവും അവസരവും , യുഎ ഇ യെ രണ്ടാം ഭവനം ആയി കാണുന്ന 200 ൽ അധികം മറ്റ് രാജ്യക്കാർക്ക് ഒരു പുരസ്‌കാരം ആയി മാറുകയാണെന്ന് വിശ്വസിക്കാനാണ് കൂടുതൽ ഇഷ്ടമെന്നും യൂസഫലി കൂട്ടിച്ചേർത്തു.