അമേരിക്കയില്‍ മാസങ്ങൾക്ക് മുമ്പ് കാണാതായ 57-കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്നു ഭക്ഷിച്ചുവെന്ന് പൊലീസ്

ടെക്‌സാസ്: അമേരിക്കയില്‍ മാസങ്ങൾക്ക് മുമ്പ് കാണാതായ 57-കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്നു ഭക്ഷിച്ചുവെന്ന് പൊലീസ് കണ്ടെത്തല്‍.  ടെക്‌സാസിലെ വീനസിന് സമീപം താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ഭക്ഷണമാക്കിയത്. എന്നാല്‍ മാക്കിനെ നായ്ക്കൾ കൊന്നുതിന്നതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഫ്രെഡി മാക്ക്. രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തുപോകുന്ന പതിവ് ഫ്രെഡിക്കുണ്ടായിരുന്നു. എന്നാൽ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫ്രെഡിയെ പുറത്തുകാണാതിരുന്നതോടെയാണ് ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയത്. പലതവണ ഫ്രെഡിയുടെ വീട്ടുവളപ്പില്‍ കയറി പരിശോധിക്കാന്‍ ബന്ധുക്കൾ ശ്രമിച്ചെങ്കിലും വളര്‍ത്തുനായ്ക്കള്‍ സമ്മതിച്ചില്ല. തുടർന്ന് പൊലീസെത്തി നടത്തിയ തെരച്ചിലിൽ വീടിന് പരിസരത്തുനിന്നും എല്ലിൻകഷണങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അത് ഫ്രെഡിയുടേതാണെന്ന ധാരണ ആദ്യഘട്ടത്തിൽ പൊലീസിനുണ്ടായിരുന്നില്ല.

പൊലീസിൻ്റെ വിശദപരിശോധനയില്‍ കൂടുതല്‍ എല്ലിന്‍കഷണങ്ങള്‍ കണ്ടെത്തുകയും അവ ഡി.എന്‍.എ. പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെ നായ്ക്കളുടെ വിസർജ്യത്തിൽ നിന്ന് മനുഷ്യന്റെ തലമുടിയും തുണിക്കഷ്ണങ്ങളും പൊലീസ് കണ്ടെത്തിയതോടെയാണ് ഫ്രെഡി മാക്കിനെ വളർത്തുനായ്ക്കൾ തന്നെ ഭക്ഷണമാക്കിയെന്ന സംശയം ബലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍കഷ്ണങ്ങളുടെ ഡി.എന്‍.എ. പരിശോധനഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യം പൊലീസ് സ്ഥീകരികരിച്ചു.