ആശ്വാസ വാർത്ത : ഹജ്ജ് ചെയ്യാൻ ഇനി 5 വർഷം കാത്തിരിക്കേണ്ട !

മക്ക :സൗദിയില്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന ചട്ടത്തില്‍ നിബന്ധനകളോടെ ഇളവ് അനുവദിച്ചു. ഒരു തവണ ഹജ്ജ് നിര്‍വ്വഹിച്ച തീര്‍ത്ഥാടകര്‍ വീണ്ടും ഹജ്ജ് നിര്‍വ്വഹിക്കുവാനാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുള്ളത്..എന്നാല്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആശ്രിതരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭാര്യ, മകള്‍, സഹോദരി, മാതാവ് എന്നിവര്‍ക്ക് ഒപ്പം മഹറമായി കൊണ്ട് ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കേണ്ടതില്ല. കൂടാതെ മരണപ്പെട്ട മക്കള്‍, മാതാപിതാക്കള്‍, ഭാര്യ, സഹോദരി-സഹോദരന്‍ എന്നിവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുന്നതിനും അഞ്ച് വര്‍ഷത്തില്‍ നിന്ന് ഇളവ് ലഭിക്കും. ഇവര്‍ക്ക് ഇ-ട്രാക്ക് വഴി തന്നെ ഇളവിന് അപേക്ഷിക്കാവുന്നതാണ്. മറ്റു കാരണങ്ങളാല്‍ വ്യവസ്ഥയില്‍ ഇളവ് ആവശ്യമുള്ള സ്വദേശികള്‍ സിവില്‍ അഫയേഴ്‌സ് വിഭാഗത്തേയും, വിദേശികള്‍ ജവാസാത്ത് ഡയറക്ടറേറ്റിനെയും നേരിട്ട് സമീപിച്ച് ഇളവ് നേടിയശേഷമാണ് ഇ-ട്രാക്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന്  ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു .