ഇവരാണ് സൗദി രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാനെത്തുന്നവർ..

റിയാദ്: ന്യൂസീലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കാനെത്തും. 200 പേരാണ് ന്യൂസീലന്‍ഡില്‍ നിന്ന് മക്കയിലെത്തുന്നത്. ഭീകരാക്രമണം നടന്ന അല്‍നൂര്‍ പള്ളിയില്‍വെച്ച് ഇവര്‍ക്ക് നല്‍കിയ യാത്രയയപ്പില്‍ ന്യൂസീലന്‍ഡിലെ സൗദി അംബാസിഡറാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചത്.

കഴിഞ്ഞ മാര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ 51 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ ആശ്രിതരായ 200 പേര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി രാജാവിന്റെ പ്രത്യേക ക്ഷണം ലഭിക്കുകയായിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട തന്റെ സഹോദരനും ഈ യാത്രയില്‍ ഒപ്പമുള്ളതുപോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് മക്കയിലേക്ക് പോകുന്നവരിലൊരാളായ ആയ അല്‍ ഉമരി പറഞ്ഞു. സല്‍മാന്‍ രാജാവിന്റെ അതിഥിയായി മക്കയിലെത്തുന്നത് ആദരവായി കാണുന്നുവെന്നും അവര്‍ പറഞ്ഞു.