മദീന :ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നും പുറപ്പെട്ട ആദ്യ തീർത്ഥാടക സംഘം പ്രവാചക നഗരിയിലെത്തി. ഇന്ന് പുലർച്ചയാണ് ഇന്ത്യൻ സംഘം മദീന വിമാനത്താവളത്തിലിറങ്ങിയത്. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിൻറ്റെ നേതൃത്വത്തിലാണ് ഡൽഹിയിൽനിന്നുള്ള സംഘത്തെ സ്വീകരിച്ചത്. ഡൽഹിയിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ 420 തീർഥാടകരാണെത്തിയത്. ധാക്കയിൽനിന്ന് 301 തീർഥാടകർ ജിദ്ദയിലും വിമാനമിറങ്ങി. ദുൽഹജ്ജ് മാസം നാലു വരെ ഹജ്ജ് വിമാനങ്ങളുടെ വരവ് തുടരും. 20-25 ലക്ഷത്തിനിടയിൽ ഹാജിമാർ ഇത്തവണ ഹജ്ജ് നിർവഹിക്കാനെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം പേരെത്തും. ഇനിയുള്ള ദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് നാലു വിമാനം വരെ മദീനയിൽ ഹാജിമാരുമായി എത്തും. മക്കയിലും മദീനയിലും ഇന്ത്യൻ ഹജ്ജ് മിഷനും മലയാളികൾ ഉൾപ്പെടെ സന്നദ്ധസേവകരും സജീവമായി ഹാജിമാരെ സ്വീകരിക്കുന്നുണ്ട്. മലയാളി ഹാജിമാരുടെ ആദ്യസംഘം ഏഴാം തീയതി മദീനയിലിറങ്ങും