കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് വിലക്ക്

3

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജൂലൈ 20 മുതൽ ഏഴുദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ കടലാക്രമണത്തെ തുടർന്ന് ശംഖുമുഖത്ത് വലിയതോതിൽ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയത്. ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകർന്നിട്ടുള്ളതുമായ കൽകെട്ടുകളുടെ ഭാഗങ്ങളിൽ പ്രത്യേകം സുരക്ഷാ വേലി നിർമ്മിക്കും.

ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകി. സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പുകളോടും നിയന്ത്രണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു