കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു.

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു. വെള്ളിയാഴ്ച പൊലീസ് പുറത്തുവിട്ട ഗ്രാഫിക്സ്  വീഡ‍ിയോയിലാണ് തോക്കുചൂണ്ടിയ 17 കാരിയെ പൊലീസ് വെടിവച്ചുകൊന്നെന്ന് വ്യക്തമാക്കുന്നത്. ജൂലൈ 5നാണ് ഹന്ന വില്യംസ് കൊല്ലപ്പെട്ടത്. ഹന്നയുടെ ബന്ധുക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് വീഡിയോ പുറത്തുവിട്ടത്.

കൊലപാതകം നടന്ന സമയത്തെ ദൃശ്യങ്ങളില്‍ ഹന്ന താഴെ വീണുകിടക്കുന്നതും സഹായത്തിന് അപേക്ഷിക്കുന്നതും കാണാം. കളിത്തോക്ക് അവളുടെ സമീപത്ത് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പെണ്‍കുട്ടിയെ വെടിവച്ച് ഒന്നര മണിക്കൂറിനുള്ളില്‍ പിതാവ് പൊലീസിനെ ഫോണില്‍ വിളിച്ചതിന്‍റെ ഓഡിയോയും പൊലീസ് പുറത്തുവിട്ടു. മകളെ കാണാനില്ലെന്ന് പൊലീസിനെ അറിയിക്കാനായിരുന്നു ബെന്‍സണ്‍ വില്യംസ് വിളിച്ചത്. മകള്‍ വിഷാദ രോഗിയാണെന്നും അവള്‍ സ്വയം ഉപദ്രവമേല്‍പ്പിച്ചേക്കാമെന്നുമുള്ള ഭയമാണ് വില്യംസ് പൊലീസിനോട് പങ്കുവച്ചത്.

അമിത വേഗതയില്‍ വാഹനമോടിച്ച് പോകുമ്പോഴാണ് പെണ്‍കുട്ടി പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് ഓഫീസര്‍ പെണ്‍കുട്ടിയുടെ വാഹനം പിന്തുടര്‍ന്ന് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി പെട്ടന്ന് വാഹനം വളച്ചു. തുടര്‍ന്ന് തെന്നി നീങ്ങിയ വാഹനം നിന്നു. പെണ്‍കുട്ടിയുടെ വാഹനത്തിന് നേരെ നടന്ന പൊലീസ് ഓഫീസര്‍, അവള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഓഫീസര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്റ്റേറ്റ് അധികൃതരെ സമീപിച്ചിരിക്കുകയാണ്.