കുവൈറ്റില്‍ നിന്നും സംശയകരമായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണമയക്കുന്നത് നിയന്ത്രിക്കാന്‍ നടപടി

കുവൈത്ത് സിറ്റി  : കുവൈറ്റില്‍ നിന്നും സംശയകരമായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണമയക്കുന്നത് നിയന്ത്രിക്കാന്‍ നടപടി ശക്തമാക്കുന്നു. കുവൈറ്റ് തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയമാണ് നടപടി സ്വീകരിക്കുന്നത്.
രാജ്യത്ത് പ്രവാസികളുടെ പണപ്പിരിവ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും നീക്കമുണ്ട്. പ്രവാസികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുക്കുന്ന പണം അവരുടെ ഇഖാമയുമായി ബന്ധപ്പെടുത്തിയാകും സൂക്ഷ്മമായി പരിശോധിക്കുക. ക്രമക്കേട് കണ്ടെത്തിയാല്‍ ഉടനടി നടപടി സ്വീകരിക്കും.കഴിഞ്ഞ ദിവസം കുവൈറ്റില്‍ തീവ്രവാദ ബന്ധമുള്ള എട്ട് ഈജിപ്ത് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഈജിപ്ത് ഇന്റര്‍പോള്‍ നല്‍കിയ വിവരം അനുസരിച്ച് കുവൈറ്റ് പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ അറസ്റ്റിനെ തുടര്‍ന്നാണ് അനധികൃത പണപ്പിരിവിനെതിരെ നടപടി ശക്തമാക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നത്. അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈറ്റിനെ കേന്ദ്രമാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.