ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകൻ ഫാറൂഖ് ലുഖ്‍മാന്‍ അന്തരിച്ചു

13

സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററും ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഫാറൂഖ് ലുഖ്‍മാന്‍ (80) അന്തരിച്ചു. മലയാളം ന്യൂസിന് പുറമെ ഉര്‍ദു ന്യൂസ്, ഉര്‍ദു മാഗസിന്‍ എന്നിവയുടെയും മുഖ്യപത്രാധിപരായിരുന്നു.മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ്, അമേരിക്കയിലെ കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഡെയിലി മെയില്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, ന്യൂസ് വീക്ക്, ന്യൂയോര്‍ക്ക് ടൈംസ്, യു.പി.ഐ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 1975ലാണ് സൗദി അറേബ്യയില്‍ അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററായി ചുമതലയേറ്റത്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ രാജീവ് ഗാന്ധി വരെ നെഹ്‍റു കുടുംബത്തിലെ മൂന്ന് തലമുറ നേതാക്കളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ശനിയാഴ്ച മഗ്‍രിബ് നമസ്കാരത്തിന് ശേഷം ജിദ്ദയിലെ റുവൈസ് പള്ളിയില്‍ മയ്യിത്ത് നമസ്കാരവും തുടര്‍ന്ന് ഖബറടക്കവും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.