ദമ്മാമിൽ പഴകിയ ഭക്ഷണ വസ്തുക്കൾ വിൽക്കാൻ വെച്ച ഇന്ത്യക്കാരന് ശിക്ഷ

ദമാം: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കടയിൽ വിൽക്കാൻ വച്ച ഇന്ത്യാക്കാരന് ദമാം അഡ്മിനിസ്‌ട്രേറ്റീവ് കോടതി പിഴയും തടവു ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ച് തീർക്കുന്ന മുറയ്ക്ക് ഇദ്ദേഹത്തെ നാടുകടത്താനും വിധിയിൽ പറയുന്നു.

ദമാമിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനമായ അൽ മദീന ഇംപോർട്ട് ആന്റ് ട്രേഡിംഗ് കമ്പനിക്കും, സ്ഥാപന നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരൻ മുഹമ്മദ് ഇല്യാസിനാണ് ശിക്ഷ ലഭിച്ചത്. രണ്ടു ലക്ഷം റിയാലാണ് പിഴ. ഒരു മാസം തടവും വിധിച്ചിട്ടുണ്ട്. തടവു ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തുന്നതിനും, രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു.

പ്രസ്‌തുത കട രണ്ടു മാസത്തേക്ക് തുറക്കാൻ പാടില്ലെന്നും വിധിയിൽ പറയുന്നു.  വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശോധന നടത്തിയത്. കാലാവധി തീർന്ന പാൽക്കട്ടി, ജ്യൂസ് ശേഖരം എന്നിവ കണ്ടെത്തിയതിന് പിന്നാലെയാണ് മുഹമ്മദ് ഇല്ല്യാസിനെ പിടികൂടിയത്. കാലാവധി കഴിഞ്ഞ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി വിധിച്ചു.

സ്ഥാപനത്തിന്റെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും, നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.

മക്കയിൽ മായം കലർത്തിയ ഇന്ധനം വിറ്റ കേസിൽ മറ്റൊരു ഇന്ത്യക്കാരനെയും കോടതി ശിക്ഷിച്ചു. വാദി നഖ്‌ലതുൽ യെമാനിയ പെട്രോൾ ബങ്ക് നടത്തിപ്പ് കരാറേറ്റെടുത്ത സൗദി പൗരന്മാരായ മൗസിം ബിൻ സ്വാലിഹ് അൽഖുഥാമി, ഹസ്സാൻ ബിൻ മുസാഅദ് അൽഹുതൈരിശി, ബങ്കിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരൻ അബ്‌ദുൾ ലത്തീഫ് മുഹമ്മദ് എന്നിവർക്ക് കോടതി പിഴ ചുമത്തി. ബങ്ക് അടച്ചുപൂട്ടാനും കോടതി ആവശ്യപ്പെട്ടു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും മൂവരുടെയും ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു.

മക്കയിൽ തായിഫ് റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഇന്ധനം വിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു.