ദുബായിൽ നിന്ന് കണ്ണൂരിലേക്ക് ഗോ എയറിന്റെ ആദ്യ സർവീസ് ഇന്ന്

ദുബായ്: ദുബായിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗോ എയറിന്റെ ആദ്യ സർവീസ് ഇന്ന് രാത്രി ആരംഭിക്കും. ഉത്തരമലബാറുകാരായ യുഎഇ പ്രവാസികൾക്ക് ആശ്വാസകരമാണ് ഗോ എയറിന്റെ പുതിയ സർവീസ്. രാത്രി 12.20ന് ദുബായ് ടെർമിനൽ ഒന്നിൽ നിന്ന് പുറപ്പെടുന്ന ഗോ എയര്‍ വിമാനം ഇന്ത്യൻ സമയം രാവിലെ 5.35ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തും. കണ്ണൂരില്‍ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.30ന് ദുബായിലെത്തിച്ചേരും. 335 ദിർഹമാണ് ഒരു ഭാഗത്തേക്കുള്ള ടിക്കറ്റ് നിരക്ക്.

ദുബായ് ആസ്ഥാനമായുള്ള അൽ നബൂദ ഗ്രൂപ്പ് എന്റർപ്രൈസസിന്റെ ട്രാവൽ ആൻഡ് ടൂറിസം ബിസിനസ് സ്ഥാപനമായ അൽ നബൂദ ട്രാവൽ ആൻഡ് ടൂറിസവുമായി ചേർന്നാണ് ഗോ എയർ കണ്ണൂർ സർവീസ് ആരംഭിക്കുന്നത്. ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിമാനത്തിന് യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഗോ എയര്‍ രാജ്യാന്തര ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അർജുൻ ദാസ് ഗുപ്ത പറഞ്ഞു. ഇപ്പോൾ കണ്ണൂരിൽനിന്ന് അബുദാബിയിലേക്കും മസ്‌കറ്റിലേക്കും സർവീസ് നടത്തുന്ന ഗോ എയർ അധികം വൈകാതെ കുവൈത്ത് സിറ്റി, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കും. മിതമായ ടിക്കറ്റ് നിരക്കിൽ‌ ഉയര്‍ന്ന നിലവാരത്തിലുളള യാത്രാ സൗകര്യമൊരുക്കുമെന്ന് ഗോ എയർ അധികൃതർ അറിയിച്ചു.