ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനലില്‍ ധോണി പുറത്താകുന്നത് കണ്ട് ആരാധകന് കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്തയിലെ സൈക്കിള്‍ കട ഉടമയായ ശ്രീകാന്ത് മെയ്റ്റി(33) ആണ് ധോണി റണ്ണൗട്ടായതോടെ കുഴഞ്ഞുവീണ് മരിച്ചത്.
ഫോണില്‍ ഇന്ത്യാ-ന്യൂസിലന്‍ഡ് മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ശ്രീകാന്ത്. ധോണി പുറത്തായത് കണ്ട് അലറിവിളിച്ച് ശ്രീകാന്ത് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സമീപത്തെ കടയുടമയായ സച്ചിന് ഘോഷ് പറഞ്ഞു. കുഴഞ്ഞുവീണ ശ്രീകാന്തിനെ ഉടന്‍ സമീപത്തുള്ള ഖാനാകുല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്റെ വിജയമാണ് ന്യൂസിലാന്റ് സ്വന്തമാക്കിയത്. മല്‍സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ ധോണിയിലായിരുന്നു. മികച്ച തുടക്കം കാഴ്ച വച്ച ധോണി പക്ഷേ ഡബിള്‍ എടുക്കാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടാവുകയായിരുന്നു. ധോണി-ജഡേജ കൂട്ടുകെട്ട് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ തോൽവി ഉറപ്പിക്കുകയായിരുന്നു.