ലോകകപ്പ് ഫൈനൽ :ന്യൂസിലാൻഡ്- ഇംഗ്ലണ്ട് മത്സരം സമനിലയിൽ

6

ലോകകപ്പ് ഫൈനൽ ന്യൂസിലാൻഡ്- ഇംഗ്ലണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. 242 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 241 റൺസിന് എല്ലാവരും പുറത്തായി. അവസാന ബാളിൽ രണ്ട് റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാമത്തെ റൺസിനായുള്ള ശ്രമത്തിൽ അവസാന വിക്കറ്റും നഷ്ടമായി. 84 റൺസ് നേടിയ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ എട്ടുവിക്കറ്റിന് 241 റൺസാണെടുത്തത്. നേരത്തെ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ക്രിസ് വോക്സിന്റെ പന്തിൽ നിക്കോൾസ് വിക്കറ്റിന് മുന്നിൽ കുരുങ്ങിയിരുന്നു. ഫീൽഡ് അമ്പയർ ഔട്ടും നൽകി. എന്നാൽ റിവ്യൂവിൽ നിക്കോൾസ് ഔട്ടല്ലെന്ന് തെളിഞ്ഞു. പിന്നാട് 173 റൺസെടുക്കുന്നതിനിടെ ന്യൂസിലാൻഡിന് അഞ്ചുവിക്കറ്റുകൾ നഷ്ടമായി. 18 പന്തിൽ 19 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗുപ്ടിൽ ആണ് ആദ്യം പുറത്തായത്. ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.

പിന്നീട് 53 പന്തിൽ 30 റൺസെടുത്ത് വില്ല്യംസൺ പ്ലങ്കറ്റിന്റെ പന്തിൽ ബട്‌ലർക്ക് ക്യാച്ച് നൽകി മടങ്ങി. രണ്ടാം വിക്കറ്റിൽ നിക്കോൾസിനൊപ്പം 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വില്ല്യംസൺ മടങ്ങിയത്.

77 പന്തിൽ 55 റണ്‍സെടുത്ത നിക്കോൾസ് ബൗള്‍ഡ് ആയി. പിന്നീട് ടെയ്‌ലറെ പുറത്താക്കി മാർക്ക്‌വുഡ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 31 പന്തിൽ 15 റൺസെടുത്ത ടെയ്‌ലർ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. നീഷാമായിരുന്നു അഞ്ചാമതായി പുറത്തായത്. 25 പന്തിൽ19 റൺസെടുത്ത നീഷാമിനെ പ്ലങ്കറ്റ് റൂട്ടിന്റെ കൈയിലെത്തിച്ചു. പ്ലങ്കറ്റിന്റെ പന്തിൽ ഫോർ നേടിയ നീഷാം അടുത്ത പന്തിൽ ഔട്ടാകുകയായിരുന്നു.