പലിശ മാഫിയക്കെതിരെ നിയമ പോരാട്ടം നടത്തിയ റജിവര്‍ഗീസിന് സ്വീകരണം നല്‍കി

മനാമ: പലിശ മാഫിയക്കെതിരെ നിയമ പോരാട്ടം നടത്തി തന്‍റെ നിരപരാധിത്വം തെളിയിച്ചു അനുകൂല വിധി നേടിയ റജിവര്‍ഗീസിന് പലിശ വിരുദ്ധ ജനകീയ സമിതി സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം മനാമ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷനില്‍ കൂടിയ സമിതിയുടെ എക്സിക്യുട്ടിവ് കമ്മിറ്റി റജി വര്‍ഗീസിന് തുടര്‍ന്നുള്ള ജീവിതത്തിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ജീവിതത്തിന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ സാമ്പത്തിക സഹായം വങ്ങേണ്ടി വരുന്ന പ്രവാസികളെ പിന്നീട് പലിശയും കൂട്ട്പലിശയിലുമായി കണക്കൊപ്പിച്ചു ജീവിത കാലത്തോളം
ചൂഷണം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് റജി വര്‍ഗീസിന്‍റെ പോരാട്ടവിജയം. കഴിഞ്ഞ എട്ടു വര്‍ഷമായി യാത്ര നിരോധനം കാരണം നാട്ടില്‍ പോകാന്‍ കഴിയാത്തതും ഇതിനിടയില്‍ നടത്തിയ നിരവധി സാങ്കേതിക-നിയമ ഇടപെടലുകളും റജി വര്‍ഗീസ്‌ വിശദീകരിച്ചു. പലിശ വിരുദ്ധ ജനകീയ സമിതിയുടെ പ്രവര്‍ത്തനം തനിക്കു കൂടുതല്‍ ഊര്‍ജ്ജം നല്‍കിയതായി റജി വര്‍ഗീസ്‌ പറഞ്ഞു.

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്രയാകുന്ന പലിശ വിരുദ്ധ സമിതിയുടെ സെക്രട്ടറി ഷാജിത്തിന് യാത്രയയപ്പും, എക്സിക്യുട്ടിവ് അംഗം ദിജീഷ് കുമാറിനെ പുതിയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മുഹറഖ് ഏരിയ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 2ന് നടത്തുന്നതായിരിക്കും എന്നും സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.