പാലാരിവട്ടം മേൽപ്പാലത്തിന്റെ  പരിശോധന റിപ്പോർട്ട് ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി

പാലാരിവട്ടം മേൽപ്പാലത്തിന്റെ  പരിശോധന റിപ്പോർട്ട് ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. പാലം പൊളിക്കണമോ അതോ പുനഃരുദ്ധാരണം നടത്തണമോയെന്നത് സർക്കാർ തീരുമാനിക്കും. ശ്രീധരന്റെ റിപ്പോര്‍ട്ട് മാത്രം നോക്കി തീരുമാനം എടുക്കാനാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

പാലാരിവട്ടം പാലം നിർമാണത്തിലെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ടാണ് ഇ.ശ്രീധരൻ സർക്കാരിന് കൈമാറിയത്. പാലത്തിന്റെ നിർമാണത്തിൽ സാരമായ പ്രശ്നങ്ങളുണ്ടെന്നും അതിനാൽത്തന്നെ ഘടനാപരമായ മാറ്റങ്ങൾ പാലാരിവട്ടം പാലത്തിൽ വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുള്ളതായാണ് സൂചന. നിലവിലെ അവസ്ഥയിൽ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് സർക്കാർ തന്നെ പറയട്ടെയെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. പാലത്തിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും വ്യക്തമാക്കിയ മന്ത്രി ജി.സുധാകരൻ, മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം റിപ്പോർട്ടിന്മേൽ തുടർ നടപടികൾ കൈക്കൊള്ളുമെന്നും സൂചിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ പാലം പൊളിച്ചു മാറ്റണമോ അതോ പുനഃരുദ്ധാരണം മാത്രം മതിയോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ കോണ്‍ക്രീറ്റ് സ്പെഷലിസ്റ്റായ മഹേഷ് ടണ്ടണ്‍, ചെന്നൈ, കാണ്‍പൂര്‍ ഐ.ഐ.ടികളിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പരിശോധന നടത്തിയത്.