പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗം അവസാനിപ്പിച്ച് ഭൂമിയുടെ സന്തുലനാവസ്ഥ സംരക്ഷിക്കണമെന്ന് തനിമ

അൽഖോബാർ: പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗം അവസാനിപ്പിച്ച് ഭൂമിയുടെ സന്തുലനാവസ്ഥ സംരക്ഷിക്കണമെന്ന് തനിമ മുൽതസിം, റയ്യാൻ യൂനിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പൊതുയോഗം ആവശ്യപ്പെട്ടു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരിപാടി. അബ്ദുൽ അസീസ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
മനുഷ്യരെന്ന നിലയില്‍ പരസ്പര ബന്ധങ്ങളും പരസ്പരാശ്രയങ്ങളും ബാധ്യതകളുമുള്ളവരാണ് നമ്മള്‍. ചുറ്റുമുള്ള ആളുകളോടും പരിസ്ഥിതിയോടുമെല്ലാം അതുകൊണ്ടുതന്നെ നമുക്ക് വലിയ ബാധ്യതകളുമുണ്ട്. സഹജീവികളുടെ,  സുരക്ഷിതത്വം, അവകാശങ്ങള്‍, സ്വാതന്ത്ര്യം,  ഇവയെല്ലാം സംരക്ഷിക്കുന്നത് ഓരോരുത്തരുടെയും കടമയാണ്. വെള്ളമടക്കം പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിലെ സൂക്ഷമതയും അമിതോപയോഗം അവസാനിപ്പിക്കേണ്ടതും നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സാബിഖ് അധ്യക്ഷത വഹിച്ചു. പ്രകൃതി വിഭവങ്ങൾ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന തലക്കെട്ടിൽ നടന്ന ചർച്ച നസീർ ഹനീഫ തിരുവനന്തപുരം നിയന്ത്രിച്ചു. ഏരിയ പ്രസിഡന്റ് അബുൽ ജലീൽ, സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. സൈതലവി പാറാടൻ സ്വാഗതവും മുഹമ്മദ് പക്ദീരി ഖിറാഅത്തും നടത്തി