പ്രചരിക്കുന്നത് വ്യാജം : ബഹ്‌റൈനിൽ ബിജെപി ഹോട്ടൽ അടിച്ചു തകർത്തോ?

10

മനാമ: “ബീഫ് വിളമ്പിയതിന് B. J. P ക്കാർ ബഹറൈനിൽ ഹോട്ടൽ അടിച്ചു തകർത്തു” എന്ന പേരിൽ വിഡിയോയും വോയിസ് ക്ലിപ്പുകളുമടക്കം പ്രചരിക്കുന്ന വാർത്തക്കു പിന്നിലുള്ള സത്യാവസ്ഥ അന്വേഷിച്ച് ചെന്നെത്തിയിരിക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഒരു സംഭവത്തിലാണ്. നിരവധി പേരാണ് ഈ വ്യാജ വാർത്ത സത്യാവസ്ഥ അറിയാതെ നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തിരിക്കുന്നത്. ഒരു ഹോട്ടലിൽ  അതിഥികളും ഹോട്ടൽ സ്റ്റാഫുകളും തമ്മിൽ നടന്ന സംഘട്ടനമായിരുന്നു രംഗം. ഹോട്ടലിലെ വസ്തുക്കൾ തല്ലിത്തകർക്കുന്നതും സ്റ്റാഫുകളെ മർദ്ദിക്കുന്നതുമായ വിഡിയോ ആണ് ബഹ്റൈനിൽ കല്യാണ പാർട്ടിക്കിടെ ബീഫ് വിളമ്പിയതിന് സംഘികളുടെ പരാക്രമമെന്ന പേരിൽ പ്രചരിച്ചത്.

യഥാർഥത്തിൽ ഡൽഹിയിലെ ജാനക്പുരിയിൽ പിക്കാഡ്ലി ഹോട്ടലിൽ നടന്ന ഒരു വിവാഹ പാർട്ടിക്കിടെ ഭക്ഷണം മോശമായെന്ന കാരണത്താൽ അതിഥികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ നടന്ന സംഘട്ടനത്തിന്റെ രംഗങ്ങളായിരുന്നു ഇവ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. കണ്ടമാത്രയിൽ ഫോർവേഡ് ചെയ്ത നിരവധി പേരാണിപ്പോൾ സത്യാവസ്ഥയറിഞ്ഞ് അക്കിടി പറ്റിയെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന വ്യാജ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ സത്യാവസ്ഥ എല്ലാവരിലുമെത്തിക്കൂ..