റോഡിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു

17

ഫുജൈറ: അപകടകരമായ തരത്തില്‍ റോഡില്‍ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കളെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ബദ്‍യ, ഹല എന്നിവിടങ്ങളിലാരുന്നു സംഭവം.  യുവാക്കള്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെയും റോഡിന്റെ വശങ്ങളിലേക്ക് ഇടിച്ചുകയറുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മറ്റ് യാത്രക്കാര്‍ക്ക് ഗുരുതരമായ സുരക്ഷാഭീഷണി ഉയര്‍ത്തിയായിരുന്നു അഭ്യാസമെന്ന് ഫുജൈറ പൊലീസ് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ ഇടിച്ചുകയറ്റിയതിലൂടെ റോഡിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി ഫുജൈറ ട്രാഫിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. റോഡില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിനുള്ള തുകയും ഇവരില്‍ നിന്നുതന്നെ ഈടാക്കും. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ പൊലീസ് പട്രോള്‍ സംഘങ്ങളെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു