ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ നേതാക്കള്‍ അനുശോചിച്ചു

അബുദാബി: സൗദി ഭരണാധികാരി സല്‍മാന്റെ രാജാവിന്റെ സഹോദരന്‍ ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ നേതാക്കള്‍ അനുശോചിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ സല്‍മാന്‍ രാജാവിന് അനുശോചന സന്ദേശമയച്ചു.

സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്‍ദുല്‍ അസീസ് രാജാവിന്റെ പത്താമത്തെ മകനായിരുന്ന ബന്ദര്‍ ബിന്‍ അബ്‍ദുല്‍ അസീസ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. സൗദിയുടെ രാഷ്ട്രീയ മേഖലയില്‍ ഇടപെടാത്ത രാജകുടുംബാംഗമായിരുന്നു അദ്ദേഹം. രാഷ്ട്രീയ പദവികളൊന്നും വഹിച്ചിട്ടില്ല.  എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ സൗദി ഭരണകൂടത്തില്‍ സുപ്രധാന പദവികള്‍ വഹിക്കുന്നവരാണ്. ഞായറാഴ്ച രാത്രി സൗദി വാര്‍ത്താ ഏജന്‍സിയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, അജ്‍മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല എന്നിവരും സൗദി രാജാവിന് അനുശോചന സന്ദേശങ്ങളയച്ചു.