ബ്രസീൽ കിരീടം നേടി

8

റിയോ: പെറുവിനെ 3-1ന് തകർത്ത് കോപ്പാ അമേരിക്ക കിരീടം ആതിഥേയരായ ബ്രസീൽ സ്വന്തമാക്കി. കോപ്പയിൽ ബ്രസീൽ സ്വന്തമാക്കുന്ന ഒൻപതാം കിരീടമാണിത്. ഒരു ഗോളും ഒരു അസിസ്റ്റുമായി മിന്നിക്കളിച്ച ഗബ്രിയേൽ ജെസ്യൂസ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയിട്ടും പതറാതെ കളിച്ച ബ്രസീൽ കിരീടത്തിൽ മുത്തമിട്ടു. പൊരുതിക്കളിച്ച പെറുവിനെതിരെ ആദ്യപകുതിയിൽ ബ്രസീൽ 2–1ന് മുന്നിലായിരുന്നു. എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്റോയിലൂടെ പെറു ആശ്വാസ ഗോൾ നേടി. അതോടെ 44–ാം മിനിറ്റിൽ ഗ്യുറെയ്റോ പെനൽറ്റിയിൽനിന്നു നേടിയ ഈ ഗോൾ, കോപ്പ അമേരിക്കയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളുമായി.

എവർട്ടൻ നേടിയ ബ്രസീലിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ ജെസ്യൂസ്, രണ്ടാം ഗോളും നേടി മിന്നി നിൽക്കുമ്പോഴാണ് രണ്ടാം മഞ്ഞക്കാർഡുമായി പുറത്തായത്. മൽസരത്തിന്റെ 70–ാം മിനിറ്റിലായിരുന്നു ഇത്. ഇതോടെ 10 പേരുമായാണ് ബ്രസീൽ അവസാന 20 മിനിറ്റ് കളിച്ചത്. ആത്മവിശ്വാസം വിടാതെ പൊരുതിയ പത്തംഗ ടീം മൂന്നാം ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു. മൽസരത്തിന്റെ ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് വാങ്ങിയ ജെസ്യൂസിന്, 70–ാം മിനിറ്റിൽ വീണ്ടും മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് മാർച്ചിങ് ഓർഡർ ലഭിച്ചത്. പെറു താരം സാംബ്രാനോയുമായി തുടർന്നുവന്ന കയ്യാങ്കളിക്കിടെയാണ് ജെസ്യൂസിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. നിറകണ്ണുകളോടെയാണ് താരം കളം വിട്ടത്.