മരടിലെ ഫ്ളാറ്റ് ഉടമകൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർജികളിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഉത്തരവിനെതിരെ ഫ്‌ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജിയും കോടതി തള്ളിയിരുന്നു. അന്ന് ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരെ ജസ്റ്റിസ് അരുൺ മിശ്ര ശാസിക്കുകയും ചെയ്തിരുന്നു. കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നതടക്കം രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മിശ്ര ഉന്നയിച്ചത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് കൃത്യമായി അറിയാമെന്ന് പറഞ്ഞ അരുൺ മിശ്ര കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചിരുന്നു.

മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ അന്ന് ഉത്തരവിറക്കിയത്. നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂർ ഹോളി ഫെയ്ത് എച്ച്ടുഒ, ഹോളിഡേ ഹെറിറ്റെജ്, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയുടെ മുന്നൂറ്റിയൻപതോളം ഫ്ലാറ്റുകൾ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്.അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.