മെയ് അവസാനം വരെ ഒമാനിലേക്കെത്തിയത് 14 ലക്ഷം സഞ്ചാരികൾ

6

മസ്‌ക്കറ്റ്: മെയ് അവസാനം വരെ ഒമാനിലേക്കെത്തിയത് 14 ലക്ഷം വിനോദ സഞ്ചാരികള്‍. ജി.സി.സി. രാഷ്ട്രങ്ങളില്‍ നിന്നുമാണ് സഞ്ചാരികളധികവും. ഇന്ത്യയില്‍ നിന്നുള്ളവരാണ് എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്.

മെയ് മാസത്തില്‍ മാത്രം 1.99 ലക്ഷം വിനോദ സഞ്ചാരികളാണ് രാജ്യത്തേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 18.2 ശതമാനം അധികമാണിത്. 4.78 ലക്ഷം പേരാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളില്‍ നിന്ന് എത്തിയത്. ഇന്ത്യയില്‍ നിന്ന് 1.61 ലക്ഷം സഞ്ചാരികള്‍ എത്തിയപ്പോള്‍ ജര്‍മനിയില്‍ നിന്ന് ഒരു ലക്ഷം പേരും ബ്രിട്ടനില്‍ നിന്ന് 80,000 പേരും ഇറ്റലിയില്‍ നിന്ന് 44000 പേരും എത്തിയതായി കണക്കുകള്‍ പറയുന്നു.

ഒമാനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികളാണ് ഒമാനിലെ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാന്‍ ഒമാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്പോണ്‍സറില്ലാത്ത വിസ ലഭ്യമാണ്. ടൂറിസം മന്ത്രാലയത്തിന്റെ പ്രചാരണ പരിപാടികളുടെ ഫലമായി ഒമാനിേലക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചത് മുപ്പത് ലക്ഷത്തിലധികം സഞ്ചാരികളാണ്.