മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

തിരൂർ:കീശയിലിരുന്ന മൊബൈൽഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ കമ്പനി അധികൃതർക്കും വിതരണക്കാരനുമെതിരേ കേസ് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാവ്.

ഇന്ന് രാവിലെയാണ് സംഭവം തെയ്യാല സ്വദേശിയായ പള്ളിയാളി മുഹമ്മദാലിയുടെ പാന്റ്‌സിന്റെ കീശയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ വാങ്ങിയത് ആറു മാസങ്ങൾക്ക് മുമ്പാണ്. ബൈക്കോടിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. ഇതോടെ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന മുഹമ്മദാലി വീട്ടു സാധനങ്ങൾ വാങ്ങുവാൻ വേണ്ടി അങ്ങാടിയിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത് . രാവിലെ 10:.30-ഓടെ തെയ്യാല അങ്ങാടിക്ക് സമീപമെത്തിയപ്പോഴാണ് മൊബൈൽ ഫോൺ അമിതമായി ചൂടായി പൊട്ടിത്തെറിച്ചത്. ബൈക്കിൽനിന്ന് റോഡിലേക്കുവീണ മുഹമ്മദലിയെ പ്രദേശവാസികൾ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നേരിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്.

ആറു മാസങ്ങൾക്കു മുമ്പ് തിരൂരിലെ കടയിൽനിന്നു 9000 രൂപ വിലയുള്ള എം.ഐ കമ്പനിയുടെ റെഡ്മി Y2 ഫോൺ ഇയാൾ വാങ്ങിയത്. പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങൾ അടക്കം താനൂർ പോലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് യുവാവ്