യാചകർക്ക് കടുത്ത ശിക്ഷയുമായി സൗദി

ദമാം: യാചക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഇനി മുതല്‍ സൗദിയിൽ കടുത്ത ശിക്ഷ. ഇതിനായുള്ള പുതിയ കരടുനിയമം തൊഴിൽ മന്ത്രാലയം തയാറാക്കുകയാണ്. വിദേശികളായ യാചകരെ നാടുകടത്താനുള്ള വ്യവസ്ഥയുമുണ്ടാകും. സൗദിയിൽ യാചക വൃത്തിയിലേർപ്പെട്ടു പിടിയിലാകുന്നവർക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ കരട് നിയമം തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ചേർന്നാണ് തയാറാക്കുന്നത്.

സ്വദേശികളായ യാചകർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, വിദേശികൾക്ക് ഒരു വർഷം വരെ തടവും പിന്നീട് നാടുകടത്തലുമായിരിക്കും ശിക്ഷ. യാചക വൃത്തിയിൽ ഏർപ്പെട്ടു പിടിക്കപ്പെടുന്ന വിദേശികളെ വീണ്ടും സൗദിയിൽ എത്തുന്നതിന് വിലക്കേർപ്പെടുത്തും.

യാചക വൃത്തിയിലൂടെ സമ്പാദിക്കുന്ന പണവും വസ്തുവകകളും കണ്ടുകെട്ടുന്നതിനും പുതിയ നിയമം അനുശാസിക്കുന്നു. യാചക വൃത്തിക്ക് പ്രേരിപ്പിക്കുന്നവർക്കും ഇതിനു ഏതെങ്കിലും വിധത്തിൽ സഹായം ചെയ്യുന്നവർക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കും.

പ്രത്യക്ഷമായോ പരോക്ഷമായോ പണത്തിന് വേണ്ടി യാചിക്കുന്നതും മറ്റുള്ളവരെ സ്വാധീനിക്കുന്നതിനും അനുകമ്പ നേടുന്നതിനും കുട്ടികളെ ചൂഷണം ചെയ്യുന്നതും യാചക വൃത്തിയായി കണക്കാക്കും. പൊതു സ്ഥലങ്ങളിലും ആരാധന കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും യാചക വൃത്തി നടത്തുന്നവരെയും സാമൂഹ്യ മാധ്യമങ്ങൾ വഴി യാചക വൃത്തിയിൽ ഏർപ്പെടുന്നവരെയും യാചകരായി നിയമം പരിഗണിക്കുമെന്നും പുതിയ കരട് നിയമത്തിൽ പറയുന്നു.