യുഎഇയിൽ കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി

യുഎഇയില്‍ അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍ മുഹമ്മദ് പര്‍വേസിനെ അജ്മാനില്‍ വച്ച് പ്രാദേശികവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ അജ്മാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അജ്മാനിലെ ജനവാസ കേന്ദ്രത്തിലൂടെ ലക്ഷ്യബോധമില്ലാതെ നടന്ന മുഹമ്മദ് പര്‍വേസിനെ പ്രാദേശികവാസികള്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിളിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അജ്മാന്‍ പൊലീസ് കുട്ടിയെ കാണാനില്ലെന്ന പരാതി രജിസ്റ്റര്‍ ചെയ്ത ഷാര്‍ജാ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഷാര്‍ജാ പൊലീസ് അറിയിച്ചതനുസരിച്ച് മാതാപിതാക്കളെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

രാത്രി ഏറെ വൈകിയും യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടിരുന്നതിന് അമ്മ ശാസിച്ചതോടെ ജൂലൈ 4 മുതലാണ് കുട്ടിയെ കാണാതാകുന്നത്. സംഭവത്തില്‍ മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്‍താബ് ആലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയ പൊലീസ്  കുട്ടിയുടെ വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ട സര്‍ക്കുലര്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അതിര്‍ത്തികളിലേക്കും എക്സിറ്റ് പോയിന്റുകളിലേക്കും  കൈമാറിയിരുന്നു. രാജ്യത്ത് എവിടെയെങ്കിലും വെച്ച് മുഹമ്മദ് പര്‍വേസിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വിവരമറിയിക്കാനായി പ്രത്യേക നമ്പരും പൊതുജനശ്രദ്ധയില്‍പ്പെടുത്തി പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്.