യുവാവിനെ കൊന്ന് മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ സംഭവത്തിൽ നാലു പേർ പിടിയില്‍

11

കൊച്ചി: നെട്ടൂരില്‍ യുവാവിനെ കൊന്ന് മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ സംഭവത്തിൽ നാലു പേർ പിടിയില്‍. കൊല്ലപ്പെട്ട അർജ്ജുൻ്റെ സുഹൃത്തുക്കളാണ് പിടിയിലായ നാല് പേരും. പിടിയിലാവരില്‍ ഒരാളുടെ സഹോദരന്റെ മരണത്തിന് ഇവര്‍ പക വീട്ടിയതാണെന്നാണ് പൊലീസിനു ലഭിച്ച സൂചന.

കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യവേ ബൈക്കോടിച്ചയാള്‍ കളമശ്ശേരിയില്‍വെച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. പിന്നിലിരുന്ന അര്‍ജുന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം തന്റെ സഹോദരനെ അര്‍ജുന്‍ കൊണ്ടുപോയി കൊന്നതാണെന്ന തരത്തില്‍ മരിച്ചയാളുടെ സഹോദരന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇയാള്‍ക്ക് സഹോദരന്റെ മരണത്തില്‍ അര്‍ജുനോടുണ്ടായ വൈരാഗ്യം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭവ ദിവസം കൂട്ടുകാരനെക്കൊണ്ട് അര്‍ജുനെ നെട്ടൂരിലേക്ക് പെട്രോള്‍ തീര്‍ന്നെന്ന കാരണം പറഞ്ഞ് വിളിച്ചുവരുത്തി. കൂട്ടുകാരനെ പറഞ്ഞുവിട്ട ശേഷം പ്രതികള്‍ നാലുപേരും ചേര്‍ന്ന് അര്‍ജുനെ മര്‍ദിച്ച ശേഷം ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് അർജ്ജുൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബുധനാഴ്ച രാത്രിയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ജൂലൈ രണ്ട് മുതൽ കാണാതായ സമീപവാസിയായ അർജുൻ എന്നയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. മകനെ കാണാതായതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് അർജ്ജുൻ്റെ പിതാവ് വിദ്യന്‍ ആരോപിച്ചു.