രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതിമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

6

ഡൽഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ദമ്പതിമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ രാജ്യത്തെ ജനസംഖ്യാ വര്‍ധനവിലെ ആശങ്ക പങ്കുവയ്ക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

രാജ്യത്തെ എല്ലാ സമുദായങ്ങള്‍ക്കിടയിലും ജനനനിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഒരു മത വിഭാഗത്തിനും ഇളവുകള്‍ നൽകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.  ഡൽഹിയിൽ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ജനസംഖ്യ കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനസംഘ്യാ വർദ്ധനവിനെപ്പറ്റി നേരത്തെയും ഗിരിരാജ് സിംഗ് പ്രതികരിച്ചിരുന്നു. ലോക ജനസംഖ്യാ ദിനത്തില്‍, 1947 മുതല്‍ 2019 വരെ എങ്ങനെയാണ് ഇന്ത്യയിലെ ജനസംഖ്യ 366 ശതമാനമായി വളര്‍ന്നതെന്ന് ഗിരിരാജ് സിംഗ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ക്രമാതീതമായ ജനസംഘ്യാ വർദ്ധനവ് രാജ്യത്തിൻ്റെ സമ്പദ്‍വ്യവസ്ഥയെയും സാമൂഹ്യ ഐക്യ, വിഭവങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നുമാണ് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജനനനിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരാനാകാത്തതിന് കാരണം മതപരമായ തടസ്സങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗിരിരാജ് സിങിനെതിരെ വിമർശനവുമായി ആര്‍ജെഡിയും കോൺഗ്രസും രംഗത്തുവന്നു. ബിജെപി നേതാവ് തന്‍റെ പ്രസ്താവനയിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആര്‍ജെഡിയും കോൺഗ്രസും ആരോപിച്ചു. വില കുറഞ്ഞ രാഷ്ട്രീയത്തിന്‍റെ ഭാഗമാണിതെന്നും ആര്‍ജെഡി നേതാവ് റാം ചന്ദ്രപര്‍ബെ ആരോപിച്ചു.