രഹസ്യമായി കഞ്ചാവ് കൃഷി ചെയ്ത പ്രവാസികൾ പിടിയിൽ

യുഎഇയില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത രണ്ട് പ്രവാസികളെ അബുദാബി പൊലീസ് പിടികൂടി. അല്‍ഐനിലെ ഫാമില്‍ 37 ചെടികളാണ് ഇവര്‍ വളര്‍ത്തിയത്. പിടിയിലായവര്‍ രണ്ട് പേരും ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

അല്‍ ഐനിലെ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കടത്തും സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇടപാടുകാര്‍ക്ക് ഇവിടെ നിന്ന് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നതായാണ് വിവരം ലഭിച്ചത്. പ്രധാനമായും യുവാക്കളായിരുന്നു ഇവിടെ എത്തിയിരുന്നത്. തുടര്‍ന്ന് പൊലീസ് ഇവിടെ എത്തുന്നവരുടെയും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇടപാടുകാര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ ഫാമില്‍ പ്രത്യേക മുറി പോലും സജ്ജീകരിച്ചിരുന്നു.

പ്രോസിക്യൂഷന്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയശേഷം കഴിഞ്ഞദിവസം അബുദാബി പൊലീസ് സംഘം ഫാമില്‍ റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ് കൃഷി നടത്തിയിരുന്ന രണ്ട് പേരെയും അവിടെവെച്ചുതന്നെ പിടികൂടി. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ‘മരണത്തിന്റെ കൃഷിസ്ഥലം’ എന്നാണ് വീഡിയോയില്‍ ഫാമിനെ വിശേഷിപ്പിക്കുന്നത്. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പണം മാത്രം ലക്ഷ്യമിട്ട് യുവാക്കളെ മരണത്തിലേക്ക് തള്ളിവിടുന്നവരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.