മുത്തലാഖ് ബില്ല് ലോക്സഭയിൽ പാസ്സായി. മുത്തലാഖ് ബില്ലിനെതിരെ ഉയർത്തിയ പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി. 303 പേർ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു. 82 പേർ പ്രമേയത്തെ അനുകൂലിച്ചു. മുത്തലാഖ് ബിൽ ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെയാണ് കോൺഗ്രസ് വോട്ടുചെയ്തത്. അവസാന വോട്ടെടുപ്പിന് നിൽക്കാതെ കോൺഗ്രസ് സഭയിൽ നിന്നും ഇറങ്ങി പോയി.
മുത്തലാഖ് ബില്‍ ലോക്സഭയിലെത്തിയപ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടിയും എന്‍.കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ബില്‍ വിവേചനപരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം സംഘടനകളോട് സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്ലിന്റെ ആവശ്യമെന്തെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടത്. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് ബില്ലെന്നും പ്രേമചന്ദ്രന് ലോക്സഭയില്‍ പറഞ്ഞു.
എന്നാല്‍ ലിംഗ നീതി ഉറപ്പാക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. മുത്തലാഖിനെ നിരോധിക്കുന്ന ബിൽ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടത്. ”പാകിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചതാണ്. മതേതര ഇന്ത്യയിൽ എന്തുകൊണ്ട് ഈ മതനിയമം നിരോധിച്ചുകൂടായെന്നും അദ്ദേഹം ചോദിച്ചു.
ബില്ലിനെതിരെ ഇന്ന് മുഴുവൻ സഭയിൽ വലിയ പ്രതിപക്ഷ ബഹളം നടന്നിരുന്നു. സമുദായത്തിന്റെ വിശ്വാസമില്ലാതെ ഇത്തരത്തിലൊരു നിയമം പാസ്സാക്കരുതെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡടക്കം ചർച്ചയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. ലോക്സഭയിൽ പാസ്സായ ബിൽ ഇനി രാജ്യസഭയിൽ കൂടി പാസ്സാക്കുക എന്ന കടമ്പയാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്. നേരത്തെ ലോക്സഭയിൽ മുത്തലാഖ് ബിൽ പാസായിട്ടുണ്ടെങ്കിലും രാജ്യസഭ തള്ളിയിരുന്നു.