വര്‍ഷങ്ങളായി അവകാശികളില്ലാത്ത 10 കോടിയിലധികം ദിനാര്‍ ബാങ്കുകളിൽ

കുവൈത്ത് സിറ്റി: നിരവധി വര്‍ഷങ്ങളായി അവകാശികളില്ലാത്ത 10 കോടിയിലധികം ദിനാര്‍ (2264 കോടിയിലധികം ഇന്ത്യന്‍ രൂപ) കുവൈത്തിലെ ബാങ്കുകളിലുണ്ടെന്ന് അധികൃതര്‍. അല്‍ റായി പത്രമാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ലിസ്റ്റ് ചെയ്യപ്പെട്ടതും ചെയ്യപ്പെടാത്തതുമായ നിരവധി കമ്പനികളുടെ ഡിവിഡന്റായി അക്കൗണ്ടുകളിലെത്തുന്ന പണമാണിതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. 10 വര്‍ഷവും അതില്‍ കൂടുതലുമായി ഇങ്ങനെ എത്തുന്ന പണമുണ്ടെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കാത്ത നിരവധി അക്കൗണ്ടുകളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്പനികളുടെ ഓഹരികള്‍ വാങ്ങിയവരായിരിക്കും ഇവരില്‍ പലരുമെന്നും എന്നാല്‍ ഈ വിവരങ്ങള്‍ തങ്ങളുടെ അനന്തരാവകാശികളെ അറിയിക്കാത്തതിനാല്‍ പിന്നീട് ഈ പണത്തിന് ഉടമകളില്ലാതാവുകയാകാമെന്നുമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അക്കൗണ്ടുകളില്‍ പണം വന്നുകൊണ്ടേയിരിക്കുമെങ്കിലും ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടെന്ന് അടുത്ത തലമുറയ്ക്ക് അറിയാതാവുന്നതോടെ ഇവ പിന്‍വലിക്കപ്പെടാതെ കിടക്കുകയും ചെയ്യും