സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കെ.എസ്.യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. യൂണിവേഴ്സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു നടത്തി വന്ന സമരത്തിനെതിരെ പൊലീസ് കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അദ്ധ്യയനം മുടക്കിക്കൊണ്ടാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നാളെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സെക്രട്ടറിയേറ്റിന് മുന്നിൽ കെ.എസ്.യു നടത്തി വന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് ഇന്ന് സംഘടിപ്പിച്ച പ്രതിഷേധ സമരം അക്രമാസക്തമായി. പ്രവർത്തകർ പൊലീസിന് നേരെ മരക്കഷ്ണങ്ങളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു പോകാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞപ്പോഴാണ് സമരം അക്രമാസക്തമായത്. സമരക്കാരുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായതോടെ പൊലീസ് ടിയർഗ്യാസും, ലാത്തിച്ചാർജും, ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും 2 മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.

കഴിഞ്ഞ എട്ട് ദിവസമായി നിരാഹാര സമരം നടത്തി വന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.