സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഇന്ത്യക്കാരും

ടെഹ്‌റാന്‍/വാഷിങ്ടന്‍:  രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പല്‍ സ്‌റ്റെനാ ഇംപെറോയില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടിഷ് കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ വ്യക്തമാക്കിയത്.
കപ്പലിലെ 23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ജീവനക്കാരില്‍ ആര്‍ക്കും പരുക്കില്ല. എല്ലാവരും സുരക്ഷിതരാണ്. കപ്പല്‍ ഇപ്പോൾ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്‌റ്റെനാ ബള്‍ക്ക് അറിയിച്ചു. സൗദി തുറമുഖത്തേക്കു പോയ കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.
അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപത്തെത്തിയ ശേഷമാണ് കപ്പല്‍ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് ഉടമകള്‍ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പല്‍ പ്രവര്‍ത്തിക്കുന്നത്. യുകെ, സ്വീഡന്‍ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വരികയാണെന്നും അവര്‍ വ്യക്തമാക്കി.ഒരു ലൈബീരിയന്‍ എണ്ണകപ്പലും ഇറാന്‍ പിടിച്ചെടുത്തതായി ബ്രിട്ടന്‍ ആരോപിച്ചു. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.